കൊച്ചി: വല്ലാർപാടം എംപെയർ കണ്ടയ്നർ യാർഡ് ഓഫിസിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. വല്ലാർപാടം ജൂതനടപ്പ് സ്വദേശികളായ വിപിൻ (41, രാഹുൽ (31) എന്നിവരെയാണ് മുളവുകാട് പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രി 10.30ഓടെയാണ് സംഭവം.
ഓഫിസിലെ ജീവനക്കാരായ തിരുവനന്തപുരം സ്വദേശി ഫിലോ പി. സാം, മട്ടാഞ്ചേരി സ്വദേശി ഇല്യാസ്, ഞാറക്കൽ സ്വദേശി ശ്രീരാജ് എന്നിവർക്കാണ് മർദനമേറ്റത്. മുളവുകാട് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയായിരുന്നു. മുളവുകാട് പൊലീസ് ഇൻസ്പെക്ടർ ശ്യാംകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ തോമസ് പള്ളൻ, ബിജു ജോൺ, എസ്.സി.പി.ഒ അരുൺ ജോഷി, ജ്യോതിഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.