ആലുവ: വീട്ടിലും സ്കൂളിലും സന്തോഷത്തോടെ പറന്ന് നടന്നിരുന്ന ആ ചിത്രശലഭം ഓർമയായിട്ട് ഒരു വർഷം. 2023 ജൂലൈ 28 ന് വൈകീട്ടാണ് ചൂർണിക്കര പഞ്ചായത്തിലെ ഗാരേജിനുസമീപം വാടകക്ക് താമസിച്ചിരുന്ന ബിഹാർ സ്വദേശികളുടെ അഞ്ചുവയസ്സുകാരിയായ മകളെ അസ്ഫാഖ് ആലമെന്നയാൾ പിച്ചിച്ചീന്തിയത്. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് ജ്യൂസ് വാങ്ങി നൽകിയാണ് ബസിൽ കയറ്റിക്കൊണ്ടുപോയത്.
തുടർന്ന്, ആലുവ മാർക്കറ്റിന്റെ പിറകുവശത്ത് ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. പെരിയാറിന്റെ തീരത്ത് മാലിന്യക്കൂമ്പാരത്തിനുള്ളിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പൊലീസിന്റെ മികച്ച അന്വേഷണത്തെ തുടർന്ന് പ്രതിക്കെതിരെ വധശിക്ഷ വിധിച്ചു. തങ്ങളുടെ പൊന്നോമന ഇല്ലാതായിട്ട് ഒരു വർഷം തികയുമ്പോഴും മറ്റു കുട്ടികളെ സുരക്ഷിത ഭവനത്തിൽ താമസിപ്പിക്കാനാവാതെ വേദനിക്കുകയാണ് മാതാപിതാക്കൾ.
സ്വന്തം ഭവനമെന്ന സ്വപ്നം ഇന്നും യാഥാർഥ്യമായിട്ടില്ല. കുട്ടി കൊല്ലപ്പെടുമ്പോൾ സുരക്ഷിതമല്ലാത്ത വാടക വീട്ടിലായിരുന്നു താമസം. അടച്ചുറപ്പുള്ള മറ്റൊരു വാടക വീട്ടിലേക്ക് അൻവർ സാദത്ത് എം.എൽ.എ ഇവരെ മാറ്റിത്താമസിപ്പിച്ചിരുന്നു. എന്നാൽ, നിലവിൽ ആ വീട് ഒഴിഞ്ഞുകൊടുക്കേണ്ട ദുരവസ്ഥയിലാണ് ഈ ബിഹാർ കുടുംബം.
നവകേരള സദസ്സ് ആലുവയിൽ എത്തിയപ്പോൾ ബാലികയുടെ മാതാപിതാക്കൾ വീട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് നിവേദനം നൽകിയിരുന്നു. ഇവർക്ക് വീട് നൽകാമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, അനുയോജ്യമായ സ്ഥലം കെണ്ടത്താനായിട്ടില്ലെന്നാണ് അറിയുന്നത്. ഇവർക്ക് സ്ഥലം വാങ്ങി വീട പണിതുനൽകാൻ എം.എൽ.എ മുൻകൈയെടുത്ത് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടിൽ മൂന്നുലക്ഷം രൂപയുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി വീടുപണിക്ക് നൽകിയ അഞ്ചുലക്ഷം രൂപ ബാലികയുടെ പിതാവിന്റെയും ബി.ജെ.പി മണ്ഡലം പ്രസിഡന്റിന്റെയും ജോയന്റ് അക്കൗണ്ടിലും ഉണ്ട്.