പറവൂർ: മൂത്തകുന്നം എസ്. എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥി സഹപാഠിയുടെ തല ചുറ്റികക്ക് അടിച്ചു പൊട്ടിച്ചു. തല പൊട്ടി ചോരയിൽ കുളിച്ച വിദ്യാർഥിയെ മൂത്തകുന്നം ഗവ.ആശുപത്രിയിലും തുടർന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ച് ചികിത്സ തേടി. ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിക്ക് തലക്ക് മൂന്ന് തുന്നലിട്ടിട്ടുണ്ട്.
ചുറ്റികക്ക് അടിച്ചതായി പറയുന്ന വിദ്യാർത്ഥിയെ മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ സ്കൂളിൽ ക്ലാസ് തുടങ്ങും മുമ്പായിരുന്നു സംഭവം.
പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഏറ്റുമുട്ടിയത്. വ്യാഴാഴ്ച മൂത്തകുന്നത്തെ ട്യൂഷൻ സെന്ററിൽ വെച്ച് ഇവർ തമ്മിൽ വാക്ക് തർക്കമുണ്ടായതായി പറയുന്നു. അതിലൊരു വിദ്യാർത്ഥിയാണ് രാവിലെ ഇരുമ്പ് ചുറ്റികയുമായി എത്തി എതിരാളിയുടെ തല അടിച്ചു പൊട്ടിച്ചത്. എസ്.എൻ.എം മാനേജ്മെന്റിന്റെ കീഴിലുള്ള മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകന്റെ മകനാണ് അക്രമണം നടത്തിയെന്ന് പറയുന്നു.
ഈ മാസം ആദ്യം ഇതെ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയായ കൃഷ്ണേന്തിനെ ഒരു കൂട്ടം വിദ്യാർത്ഥികൾ ആക്രമിച്ച് നട്ടെല്ലിന് പരിക്കേറ്റതിനാൽ ഇപ്പോഴും ചികിത്സയിലാണ്. അന്ന് വിദ്യാർത്ഥി സംഘട്ടനമെന്ന പേരിൽ പൊലീസ് സംഭവം അവഗണിക്കുകയായിരുന്നു. സ്കൂൾ മാനേജ്മെൻറ് കൃഷ്ണേന്തിന്റെ രക്ഷിതാക്കളെ വിളിച്ചു വരുത്തി ചർച്ച നടത്തിയിരുന്നു.
സ്കൂളിൽ തുടർച്ചയായി വിദ്യാർത്ഥികൾ ഏറ്റുമുട്ടുന്നത് രക്ഷിതാക്കളിൽ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വടക്കേക്കക്കര പൊലീസ് സ്കൂളിൽ എത്തിയിരുന്നുവെങ്കിലും ആരും പരാതി നൽകിയിട്ടില്ലെന്ന് പറഞ്ഞ് നടപടികളിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ്. വിദ്യാർത്ഥികളുടെ രക്ഷിതാക്കളും സ്കൂൾ അധികൃതരും തമ്മിൽ ധാരണയായതായാണ് വിവരം. സംഭവം ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും മാധ്യമങ്ങളിൽ വാർത്തയായി.