മൂവാറ്റുപുഴ: മധ്യകേരളത്തിലെ പ്രധാന കെ.എസ്.ആർ.ടി.സി ഡിപ്പോയായ മൂവാറ്റുപുഴ ഡിപ്പോ നിർമാണം പാതിവഴിയിൽ മുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടു. ഡിപ്പോ നിലവിൽ കാടുകയറിയ അവസ്ഥയിലാണ്. പഴയ കെട്ടിടം പൊളിച്ചുനീക്കി കോടികൾ ചെലവഴിച്ച് പുതിയ ബസ് സ്റ്റാൻഡിന്റെയും ഷോപ്പിങ് കോംപ്ലക്സിന്റെയും നിർമാണം ആരംഭിച്ചിട്ട് 10 വർഷമായി. 2023 ജൂണിൽ കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ ആറുമാസത്തിനകം ഡിപ്പോ നിർമാണം പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും യാഥാർഥ്യമായില്ല. 2014 നവംബറിൽ നിർമാണോദ്ഘാടനം നടത്തിയ സ്റ്റാൻഡിന്റെ ഒന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ 2019 മാർച്ചിൽ പൂർത്തിയാക്കിയിരുന്നു.
പലവട്ടം ചർച്ചകൾ നടത്തി നിർമാണ പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കും എന്ന് പ്രഖ്യാപനങ്ങൾ ഉണ്ടാകുന്നതല്ലാതെ ശേഷിക്കുന്ന ജോലികൾ തീർക്കാൻ നടപടി ഉണ്ടായില്ല. ഒടുവിൽ 2021ൽ നിർമാണ തടസ്സം പരിഹരിക്കാൻ സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് കേരളയെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും പുരോഗതിയൊന്നുമുണ്ടായില്ല. നിലവിൽ സ്റ്റാൻഡിന്റെ അവസ്ഥ വളരെ ശോചനീയമാണ്. അടിസ്ഥാനസൗകര്യങ്ങൾ ഒന്നും ഇല്ലാത്ത ഡിപ്പോയിൽ എത്തുന്ന യാത്രക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾക്ക് ശുചിമുറികളില്ല. യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാനും ഇരിക്കാനും സൗകര്യങ്ങളില്ല. രാത്രി എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള സംവിധാനങ്ങളില്ല, വൈദ്യുതീകരണം പൂർത്തിയായിട്ടില്ല.
യാത്രക്കാർക്ക് ശുദ്ധജലം ലഭിക്കാൻ സംവിധാനങ്ങളില്ല. മഴ നനയാതെ ബസിൽ കയറാൻപോലും കഴിയില്ല. പണികൾ തീർത്ത് ഷോപ്പിങ് കോംപ്ലക്സിലെ മുറികൾ വാടകക്ക് നൽകിയാൽതന്നെ നല്ലൊരു വരുമാനം ഇതിൽനിന്നുതന്നെ ലഭിക്കും. ഇതിനൊക്കെ ആവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.