കൊച്ചി: ഓണ്‍ലൈ ന് ടാക്സിയുടെ മറവില്‍ രാസലഹരി വില്‍പ്പന നടത്തിവന്ന സംഘത്തിലെ മൂന്ന് പേര് പിടിയില്‍. കണ്ണമാലി ഇലഞ്ഞിക്കല്‍ വീട്ടില്‍ ആല്ഡ്രിന് ജോസഫ് (32), മട്ടാഞ്ചേരി പറവാനമുക്ക് ദേശത്ത് ജന്മ പറമ്പില്‍ വീട്ടില്‍ സാബു (40), മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ചക്കമാടം ദേശത്ത് പപ്പങ്ങപ്പറമ്പില് വീട്ടില്‍ പി.എന്‍.നാസിഫ് (29) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, എക്സൈസ് ഇന്റലിജന്‍സ്, എണാകുളം ടൗണ്‍ നോര്‍ത്ത് എക്സൈസ് സര്‍ക്കിള്‍ എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്. 12 ഗ്രാം എം.ഡി.എം.എയും 15 ഗ്രാം കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചടുത്തു. മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ച കാര്‍, മൂന്ന് സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയും കസ്റ്റഡിയിലെടുത്തു.
രണ്ട് മാസം മുന്‍പ് ഓണ്‍ലൈന്‍ ടാക്സിയുടെ മറവില്‍ രാസലഹരി വില്‍പ്പന നടത്തിയതിന് കൊച്ചി, എളമക്കര ഭാഗത്ത് നിന്ന് പിടിയിലായ രണ്ട് പേരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ടാക്സി കാറുകളില്‍ കറങ്ങി മയക്കുമരുന്ന് വിൽക്കുന്ന ആല്‍ഡ്രിനെ കുറിച്ച് വിവരം ലഭിക്കുന്നത്.
ഉപഭോക്താക്കള്‍ക്കിടയില്‍ ‘തീപ്പൊരി ‘ എന്ന കോഡ് നെയിമില്‍ അറിയപ്പെട്ടിരുന്ന ഇയാളുടെ യഥാര്‍ത്ഥ പേരോ മറ്റ് വിവരങ്ങളോ ലഭിച്ചിരുന്നില്ല. വ്യത്യസ്ത ഫോണ്‍ നമ്പറുകളും വെവ്വേറേ ടാക്സി വാഹനങ്ങളും ഉപയോഗിക്കുന്നതിനാല്‍ പിടികൂടുക ദുഷ്കരമായിരുന്നു.
തുടര്‍ന്ന് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണകുമാറിന്റെ മേല്‍നോട്ടത്തില്‍ ഒട്ടേറെ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പ്രതികള്‍ സഞ്ചരിച്ചിരുന്ന ടാക്സി കാര്‍ രാത്രിയോടെ ഇടപ്പള്ളി സിഗ്നലിന് സമീപം എക്സൈസ് സംഘം തടഞ്ഞ് ഇവരെ കസ്റ്റഡിയിലെടുത്തു. ടാക്സി വാഹനത്തില്‍ യാത്രക്കാരെയും കൊണ്ടുപോകുകയാണ് എന്ന പ്രതീതി ഉണ്ടാക്കി വിദഗ്ധമായാണ് മൂവര്‍ സംഘം സഞ്ചരിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.