പറവൂർ: ഭരണകക്ഷിക്കാരുടെ അടുപ്പക്കാരെ ഉൾപ്പെടുത്തി അംഗൻവാടി ജീവനക്കാരുടെ നിയമന പട്ടിക പ്രസിദ്ധീകരിച്ചത് വിവാദത്തിൽ.
വടക്കേക്കര പഞ്ചായത്തിലെ അംഗൻവാടികളിൽ വർക്കർ, ഹെൽപർ തസ്തികകളിലേക്കുള്ള നിയമന ലിസ്റ്റിലാണ് ഭരണകക്ഷിക്കാരുടെ അടുപ്പക്കാർ മാത്രം ഇടംപിടിച്ചത്.
മാനദണ്ഡം പാലിക്കാതെയും പ്രവർത്തന പരിചയം പരിഗണിക്കാതെയുമാണ് നിയമന ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് പരാതി ശക്തമായി. ഇന്റർവ്യൂ കമ്മിറ്റി അംഗവും വടക്കേക്കര മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായ എം.ഡി. മധുലാൽ ഇതിനെതിരെ കലക്ടർക്ക് പരാതി നൽകി. ഒന്ന് മുതൽ രണ്ട് വർഷംവരെ ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാരെ ഒഴിവാക്കിയാണ് പുതിയ പട്ടിക പുറത്ത് വന്നത്. കൂടിക്കാഴ്ചയിൽ ഇവരെ പങ്കെടുപ്പിച്ചു.
എന്നാൽ, പുതിയ ലിസ്റ്റ് വന്നപ്പോൾ ഇവർ പുറത്തായി. ഹെൽപർമാരായ 235 പേരും വർക്കർമാരായി 80 പേരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സി.പി.എം ഓഫിസിൽനിന്ന് നൽകിയ ലിസ്റ്റ് പ്രകാരമാണ് നിയമന ലിസ്റ്റ് തയാറാക്കിയതെന്നാണ് ആക്ഷേപം.