കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിൽ ഭൂഗർഭ സ്റ്റേഷനും പരിഗണനയിലെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) എം.ഡി. ലോക് നാഥ് ബെഹ്റ. ആലുവ മുതൽ അങ്കമാലി വരെയുള്ള ഈ ഘട്ടത്തിൽ അങ്കമാലിയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഒരു ഉപപാതയുണ്ട്. വിമാനത്താവളത്തിൽ അവസാനിക്കുന്ന പാതയിലെ അവസാന സ്റ്റേഷൻ ഭൂഗർഭ സ്റ്റേഷനായി നിർമിക്കാനാണ് തീരുമാനം.
മൂന്നാംഘട്ട പദ്ധതിയിലെ ഏറ്റവും വലിയ സ്റ്റേഷനായിരിക്കും ഇത്. വിമാനത്താവളത്തിന്റെ സ്ഥലം നഷ്ടപ്പെടാത്തവിധം സ്റ്റേഷൻ നിർമിക്കണമെന്ന സിയാലിന്റെ ആവശ്യംകൂടി പരിഗണിച്ചാണ് ഭൂഗർഭ സ്റ്റേഷൻ നിർമിക്കാൻ തീരുമാനിച്ചത്. മെട്രോയുടെ രണ്ടാംഘട്ട നടപടികളും വേഗത്തിൽ പുരോഗമിക്കുകയാണ്. 82.50 ശതമാനം ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. മാർച്ച് 31 മുമ്പ് ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കും. രണ്ടാംഘട്ടം രണ്ട് വർഷത്തികം പൂർത്തിയാക്കുകയാണ് ലക്ഷ്യം..
ജല മെട്രോയിൽ ഇതുവരെ യാത്രചെയ്തത് 14.5 ലക്ഷം പേരാണ്. പ്രതിദിനം 5660 പേർ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. നിലവിൽ ഒമ്പത് ജലമെട്രോ സ്റ്റേഷനുകളുടെ നിർമാണം പൂർത്തിയായി. ഇവിടങ്ങളിൽ നിന്ന് ഉടൻ സർവീസ് ആരംഭിക്കും. കൊച്ചി കപ്പൽശാലയിൽ 23 ബോട്ടുകളാണ് ജല മെട്രാക്കായി നിർമിക്കുന്നത്. ഇതിൽ 12 എണ്ണം മാത്രമേ കെ.എം.ആർ.എല്ലിന് ലഭിച്ചിട്ടുള്ളൂ. ബാക്കി ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും ബെഹ്റ പറഞ്ഞു.