മൂവാറ്റുപുഴ: നഗരത്തിലെ തിരക്കേറിയ ഇ.ഇ.സി മാർക്കറ്റ് ജങ്ഷനിൽ ഗതാഗത പരിഷ്കാരത്തിന് ഒരുങ്ങി പൊലീസ്. രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
നിലവിൽ കോതമംഗലം മേഖലയിൽനിന്നടക്കം ഇ.ഇ.സി മാർക്കറ്റ് റോഡിലൂടെ വെള്ളൂർക്കുന്നം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ജങ്ഷനിൽനിന്ന് നേരെ എം.സി റോഡിലേക്ക് പ്രവേശിച്ച് എറണാകുളം ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകുകയാണ് ചെയ്യുന്നത്. ഇത് എം.സി റോഡിലെ കുരുക്ക് രൂക്ഷമാക്കുകയാണ്. ഇത് പരിഹരിക്കാൻ ഈ വാഹനങ്ങൾ ജങ്ഷനിൽനിന്ന് നേരിട്ട് എം.സി റോഡ് മുറിച്ചുകടക്കാതെ ഇവിടെനിന്ന് ഇടത്തോട്ട് തിരിഞ്ഞ് നെഹ്റു പാർക്ക് റൗണ്ടിൽ എത്തി തിരിഞ്ഞ് ആലുവ ഭാഗങ്ങളിലേക്ക് അടക്കം പോകുന്ന തരത്തിലുള്ള പരിഷ്കാരമാണ് വരുത്തുന്നത്.
അടുത്തദിവസം മുതൽ ഇത്തരത്തിൽ വാഹനം തിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. നഗര റോഡ് വികസനം നടക്കുന്ന മൂവാറ്റുപുഴ പട്ടണത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ട് നാളുകളായി. ശബരിമല സീസൺ ആരംഭിച്ചതോടെ കുരുക്ക് ഒന്നുകൂടി രൂക്ഷമായി. ഈ സാഹചര്യത്തിലാണ് കവലകൾ കേന്ദ്രീകരിച്ച് ഗതാഗത പരിഷ്കാരങ്ങൾ നടത്താൻ തീരുമാനമായത്. ക്രിസ്മസുമായി ബന്ധപെട്ട് വൻ കുരുക്ക് രൂപപ്പെട്ടത് പൊലീസിനെ വലച്ചിരുന്നു. മറ്റുസ്റ്റേഷനുകളിൽ നിന്നടക്കമുള്ള പൊലീസുകാരെ കൂടി അധികമായി നിരത്തിലിറക്കി ഗതാഗതം നിയന്ത്രിച്ചിട്ടും കുരുക്ക് നിയന്ത്രിക്കാനായിരുന്നില്ല. നിലവിൽ മൂവാറ്റുപുഴ സ്റ്റേഷനിൽ പത്തു ട്രാഫിക് പൊലീസുകാരുടെ കുറവാണുള്ളത്. ഇതല്ലാം മുന്നിൽകണ്ടാണ് അടിയന്തിര പരിഷ്കാരത്തിന് ഒരുങ്ങുന്നത്.