
മൂവാറ്റുപുഴ: നഗരസഭയിലെയും പായിപ്ര പഞ്ചായത്തിലെയും ഓരോ വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്തും യു.ഡി.എഫിന് വിജയം.പായിപ്രയിൽ എൽ.ഡി.എഫിന്റെ വാർഡ് പിടിച്ചെടുത്താണ് മിന്നുന്ന വിജയം നേടിയത്. മൂവാറ്റുപുഴ നഗരസഭ 13ാം വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി മേരിക്കുട്ടി ചാക്കോ വിജയിച്ചു.
65 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എതിർ സ്ഥാനാർഥി എൽ.ഡി.എഫിലെ റീന ഷെരീഫിനെ പരാജയപ്പെടുത്തിയത്. 823 വോട്ടുകൾ പോൾ ചെയ്തതിൽ മേരിക്കുട്ടി ചാക്കോക്ക് 421 ഉം റീന ഷെരീഫിന് 356 ഉം വോട്ട് ലഭിച്ചു. ബി.ജെ.പി സ്ഥാനാർഥി മെർലിൻ രമണന് 46 വോട്ടു ലഭിച്ചു. പായിപ്ര പഞ്ചായത്ത് 10ാം വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മിന്നുന്ന ജയമാണ് നേടിയത്.
കാലങ്ങളായി സി.പി.ഐയുടെ കൈവശം ഇരുന്ന വാർഡിൽ യു.ഡി. എഫ് സ്ഥാനാർഥി സുജാത ജോൺ 162 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയം നേടി. സുജാതക്ക് 629 വോട്ട് ലഭിച്ചു. എതിർ സ്ഥാനാർഥി എൽ.ഡി.എഫിലെ സീന വർഗീസ് 467 വോട്ട് നേടി. ബി .ജെ. പി സ്ഥാനാർഥി പി.വി. വിദ്യക്ക് 34 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്ഥാനാർഥി 104 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്.
മൂവാറ്റുപുഴ നഗരസഭയിൽ കൂറുമാറ്റത്തെ തുടർന്ന് കോൺഗ്രസ് അംഗം പ്രമീള ഗിരീഷ് കുമാറിനെ തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യയാക്കപ്പെട്ടതിനെ തുടർന്നാണ് 13ാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പായിപ്രയിൽ സി.പി.ഐ. അംഗം ദീപ റോയി രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ലൈഫ് ഭവന പദ്ധതിയിൽ നിന്ന് അനർഹമായി നേടിയ തുക മടക്കി നൽകണമെന്ന സി.പി.ഐ നേതൃത്വത്തിന്റെ ആവശ്യത്തെ അംഗം നിരസിച്ചതോടെ ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് രാജിയിൽ കലാശിച്ചതും തെരഞ്ഞെടുപ്പിന് വഴിവെച്ചതും.
യു.ഡി.എഫിന് ആശ്വാസം
മൂവാറ്റുപുഴ: ഉപതെരഞ്ഞെടുപ്പ് വിജയിച്ചതോടെ മൂവാറ്റുപുഴ നഗരസഭയിൽ യു.ഡി.എഫിന് ആശ്വാസം. കൂറുമാറ്റത്തെ തുടർന്ന് കോൺഗ്രസ് അംഗം പ്രമീള ഗിരീഷ് കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയതോടെ വന്ന ഉപതെരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് വിജയിച്ചത്.
യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയിൽ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. യു.ഡി.എഫ് 13, എൽ.ഡി.എഫ് 11, ബി.ജെ.പി രണ്ട്, സ്വതന്ത്രർ രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷി നില. രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ ആണ് യു.ഡി.എഫ് ഭരണം നടത്തുന്നത്. ഈ സാഹചര്യത്തിൽ പതിമൂന്നാം വാർഡ് ഉപ തെരഞ്ഞെടുപ്പ് യു.ഡി .എഫ് സ്ഥാനാർഥി മേരിക്കുട്ടി ചാക്കോയുടെ വിജയം നിർണായകമായിരുന്നു. സീറ്റ് നിലനിർത്തിയതിന്റെ ആശ്വാസത്തിലാണ് യു.ഡി.എഫ് നേതൃത്വം
പൈങ്ങോട്ടൂർ ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫിന് വിജയം
കോതമംഗലം: പൈങ്ങോട്ടൂർ പഞ്ചായത്ത് 10ാം വാർഡ് പനങ്കരയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം. എൽ.ഡി.എഫിലെ അമൽ രാജാണ് വിജയിച്ചത്. യു.ഡി.എഫിലെ ബിജിയെ 166 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. അമൽ രാജ് 483 വോട്ട് നേടിയപ്പോൾ 317 വോട്ടാണ് ബിജിക്ക് ലഭിച്ചത്. ബി.ജെ.പിയിലെ ആര്യ സത്യൻ 45 ഉം എ.എ.പി യുടെ അഡ്വ. മരിയ ജോസ് 16 വോട്ടും നേടി.
വൈസ് പ്രസിഡന്റായിരുന്ന നിസാർ മുഹമ്മദിനെ കൂറ് മാറ്റത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യനാക്കിയതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എൽ.ഡി.എഫ് ഭരിക്കുന്ന പൈങ്ങോട്ടൂർ പഞ്ചായത്തിൽ ആറ് വീതമായിരുന്നു കക്ഷി നില. അമൽ രാജിന്റെ വിജയത്തിലൂടെ എൽ.ഡി.എഫ് ഭരണം നിലനിർത്തി.
അശമന്നൂര്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫ് സാരഥിക്ക് ജയം
പെരുമ്പാവൂര്‍: അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് 10ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രതിനിധി എന്‍.എം. നൗഷാദ് വിജയിച്ചു. 40 വോട്ടിനാണ് ഇടതു മുന്നണിയുടെ സിറ്റിങ് സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തത്. യു.ഡി.എഫിന് 465, എല്‍.ഡി.എഫിന് 425, ബി.ജെ.പിക്ക് 91 എന്നിങ്ങനെയാണ് വോട്ടുനില. പഞ്ചായത്ത് അംഗമായിരുന്ന സി.പി.എമ്മിന്റെ കെ.കെ. മോഹനന് മരിച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.
54 വര്‍ഷമായി എല്‍.ഡി.എഫ് കുത്തകയായിരുന്നു മേതല വണ്ടമറ്റം 10ാം വാര്‍ഡ്. ഇ.എം. ശങ്കരനായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. എന്‍.എം. നൗഷാദ് കോണ്‍ഗ്രസ് കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റി മെംബറും ഐ.എന്‍.ടി.യു.സി റീജനല്‍ ചുമട്ട് തൊഴിലാളി സബ് കമ്മിറ്റി മെംബറുമാണ്.