
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾക്ക് പരിഹാരംതേടി ആർച് ബിഷപ്പിന്റെ വികാരിയായി നിയമിക്കപ്പെട്ട ബിഷപ് ജോസഫ് പാംപ്ലാനി പ്രതിഷേധ രംഗത്തുള്ള വൈദികരുമായി ചർച്ച നടത്തി. ദിവസങ്ങൾക്കുമുമ്പ് എറണാകുളം ബസിലിക്കയിൽ പ്രാർഥനയജ്ഞം നടത്തുന്നതിനിടെ ബലംപ്രയോഗിച്ച് നീക്കിയ 21 വൈദികരുമായാണ് ബിഷപ് ഹൗസിൽ ചർച്ച നടത്തിയത്.
അതിരൂപതയിലെ പ്രശ്നപരിഹാരത്തിനായി മുതിർന്ന വൈദികരും അൽമായ നേതൃത്വവുമായി ചർച്ചകൾ നടത്താൻ തീരുമാനിച്ചതായും ചൊവ്വാഴ്ച നടന്ന ചർച്ച ആശാവഹമാണെന്നും വൈദികർ വ്യക്തമാക്കി. മുതിർന്ന വൈദികരെയും അൽമായ നേതൃത്വത്തെയും വിശ്വാസികളെയും കേൾക്കാതെ അതിരൂപതക്ക് മുന്നോട്ടുപോകാനാവില്ലെന്ന് വൈദികപ്രതിനിധി ഫാ. രാജൻ പുന്നക്കൽ മാധ്യമങ്ങളോട് പറഞ്ഞു.
അതിരൂപതയിലെ വൈദികരെ നാല് സോണുകളായി തിരിച്ച് വിവിധ കാര്യങ്ങൾ ചർച്ചചെയ്യും. നിലവിൽ അതിരൂപതയിലെ കുർബാന തർക്കവുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ചർച്ച ചെയ്തിട്ടില്ല. കഴിഞ്ഞ കുറേനാളായി അലങ്കോലമായ ഭരണസംവിധാനം ക്രമപ്പെടുത്തുന്നതിനായിരുന്നു ചർച്ച.
വൈദികരുടെ പൊതുസ്ഥലംമാറ്റം പുതിയ കൂരിയ നിയമനത്തിനുശേഷം മതിയെന്ന് വൈദികര്‍ നിർദേശിച്ചു. സ്ഥലംമാറ്റം മേയിലേക്ക് നീട്ടുന്നതിന് തടസ്സമില്ലെന്നും ആര്‍ച്ബിഷപ് അറിയിച്ചു. നവവൈദികരുടെ നിയമനം പുതിയ കൂരിയ നിയമനത്തിനുശേഷം ഉടൻ നടത്തും.
ബസിലിക്ക ഉള്‍പ്പെടെ ഒരു ഇടവകയിലും സമാന്തര ഭരണസംവിധാനം പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറോ മലബാര്‍ സഭയുടെ മീഡിയ കമീഷന് അതിരൂപതയുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നത് വൈദികര്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഇക്കാര്യം മീഡിയ കമീഷനുമായി ചര്‍ച്ചചെയ്യാമെന്ന് ആര്‍ച്ബിഷപ് സമ്മതിച്ചു.
തുടര്‍ചര്‍ച്ചകളില്‍ മേജര്‍ ആര്‍ച്ബിഷപ്പിന്റെ സാന്നിധ്യം വൈദികര്‍ ആവശ്യപ്പെടുകയും ഇതിനായി ശ്രമിക്കുമെന്ന് ബിഷപ് ഉറപ്പു നൽകുകയും ചെയ്തു. സസ്പെന്‍ഡ് ചെയ്യപ്പെട്ട വൈദികരുടെ വിഷയങ്ങള്‍ വിശദമായി പഠിക്കുന്നതുവരെ തുടര്‍നടപടികള്‍ ഉണ്ടാവുകയില്ലെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. ഫാ. സെബാസ്റ്റ്യന്‍ തളിയന്‍, ഫാ. പോള്‍ ചിറ്റിനപ്പിള്ളി, ഫാ. ജെറി ഞാളിയത്ത് തുടങ്ങിയ 21 വൈദികരാണ് ചർച്ചയിൽ പങ്കെടുത്തത്.