
ബസിന് തീ പിടിച്ചപ്പോൾ
മൂവാറ്റുപുഴ: വിദ്യാർഥികളുമായി പോകുകയായിരുന്ന സ്കൂൾ ബസ് കത്തിനശിച്ചു. ഡ്രൈവർ വിദ്യാർഥികളെ അതിവേഗം പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാൽ വൻദുരന്തം ഒഴിവായി. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.
കുട്ടികളുമായി സ്കൂളിലേക്ക് വരുകയായിരുന്ന വാഴക്കുളം സെൻറ് തെരേസാസ് ഹൈസ്കൂളിലെ ബസിനാണ് തീ പിടിച്ചത്. സ്കൂൾ കുട്ടികളെ കയറ്റിവന്ന വാഹനം കല്ലൂർക്കാട് നീറാംപുഴ കവലക്കുസമീപം എത്തിയപ്പോൾ ബസിന്റെ മുൻഭാഗത്തുനിന്ന് പുക ഉയരുന്നതുകണ്ട് ഡ്രൈവർ വണ്ടി നിർത്തി കുട്ടികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ആർക്കും പരിക്കില്ല. കുട്ടികളെ ഇറക്കിയതിനു പിന്നാലെ ബസ് പൂർണമായും കത്തിനശിച്ചു. കല്ലൂർക്കാടുനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്.�

കത്തി നശിച്ച സ്കൂൾ ബസ്
സംഭവസമയം 28ഓളം കുട്ടികൾ വാഹനത്തിൽ ഉണ്ടായിരുന്നു. കല്ലൂർക്കാട് അഗ്നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജി.എസ്. നോബിളിന്റെ നേതൃത്വത്തിൽ ഗ്രേഡ് സീനിയർ ഓഫിസർ കെ.ടി. സിനു, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ.പ്രമോദ്, ജിജീഷ്, മനീഷ്, നിഷാദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.