
വ്യാപാര സമുച്ചയത്തിൽനിന്ന് ഒഴുകുന്ന മാലിന്യം
മൂവാറ്റുപുഴ: നഗരമധ്യത്തിലെ കീച്ചേരിപ്പടിയിലുള്ള ഷോപ്പിങ് സമുച്ചയത്തിൽനിന്ന് ശൗചാലയ മാലിന്യം ഓടയിലേക്ക് ഒഴുകുന്നത് പ്രദേശവാസികൾക്ക് ദുരിതമായി. നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും മറ്റും സ്ഥിതിചെയ്യുന്ന കീച്ചേരിപ്പടിയിലെ സ്വകാര്യ വ്യാപാരസമുച്ചയത്തിൽനിന്നാണ് മാലിന്യം താഴെ ഓടയിലേക്ക് ഒഴുകുന്നത്. ഇവിടത്തെ സെപ്റ്റിക്ടാങ്ക് നിറഞ്ഞാണ് മാലിന്യം സമുച്ചയത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ പരിസരത്തുകൂടി ഓടയിലേക്ക് ഒഴുകുന്നതിനിടയാക്കിയത്.
അസഹ്യ ദുർഗന്ധം മൂലം പരിസരവാസികൾക്ക് ഇവിടെ ഇരിക്കാൻ കഴിയുന്നിെല്ലന്ന പരാതി വ്യാപകമായിട്ട് നാളുകളായി. പരിഹാരം കാണാത്ത നഗരസഭ അധികൃതരുടെ നടപടി വിവാദമായി. കെട്ടിടത്തിന്റെ മുകൾനിലകളിൽ അന്തർസംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്.
മാലിന്യം ഒഴുകുന്നത് പകർച്ചവ്യാധികൾ അടക്കം പടർന്നുപിടിക്കുന്നതിന് കാരണമാകുമെന്ന് വ്യാപാരികൾ അടക്കമുള്ളവർ പരാതിപ്പെടുന്നു. പലതവണ നഗരസഭ അധികൃതർക്കും കലക്ടർക്കും പരാതി നൽകിയിട്ടും നടപടി എടുക്കുന്നില്ലത്രേ.
പല വ്യാപാര സ്ഥാപനങ്ങളും തുറക്കാനാവാത്ത നിലയിലാണെന്നും വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. പരാതികൾ ഉയരുമ്പോൾ സ്ഥലത്തെത്തി പരിശോധന നടത്തും എന്നല്ലാതെ ഒരു നടപടിയും ഉണ്ടാകുന്നിെല്ലന്നും അവർ പറഞ്ഞു. പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ കാരണമാകുന്ന വിധത്തിൽ മാലിന്യം പരന്ന് ഒഴുകിയിട്ടും ആരോഗ്യവിഭാഗവും തിരിഞ്ഞുനോക്കുന്നില്ല.