പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾക്കിടയിലെ ചേരിപ്പോര് ഭരണസ്തംഭനത്തിന് കാരണമാകുന്നതായി ആക്ഷേപം. കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഒരുവശത്തും ചിലർ മറ്റൊരു ചേരിയിലുമായി നീങ്ങുന്നത് പലപ്പോഴും പ്രശ്നങ്ങള്‍ക്ക് കാരണമാവുകയാണ്. പഞ്ചായത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെപ്പോലും ഇത് ബാധിക്കുകയാണെന്നാണ് മുറുമുറുപ്പ്.
പഞ്ചായത്തിൽ സ്ഥിരം സെക്രട്ടറിയില്ലാതായിട്ട് മാസങ്ങളായി. പ്രസിഡന്റിനെതിരെയുള്ളവർ വൈസ് പ്രസിഡന്റാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന ആരോപണമുയർത്തുന്നു. പഞ്ചായത്തിനുകീഴിലെ റോഡ് വികസനത്തിന് അനുവദിച്ച മെയിന്റനൻസ് ഗ്രാന്റ് അംഗങ്ങളെ അറിയിക്കാതെ വകമാറ്റി ചെലവഴിക്കാൻ നീക്കം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞദിവസം ചേർന്ന ഭരണസമിതി യോഗത്തിൽ ബഹളമുണ്ടായി. പ്രസിഡന്റും വൈസ് പ്രസിഡന്റും ഉദ്യോഗസ്ഥരുമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന ആരോപണമുയർത്തിയത് ഭരണപക്ഷ നിരയിലുള്ളവരാണ്. ഫണ്ട് വകമാറ്റി ചെലവഴിക്കാനുള്ള നീക്കത്തിനെതിരെ 11 പേർ ഒപ്പിട്ട പരാതി ജോയന്റ് ഡയറക്ടർക്ക് നൽകി. ഇതിൽ ഭരണപക്ഷത്തെ ഏഴുപേർ ഒപ്പിട്ടതോടെ ചേരിപ്പോര് മറനീക്കി പുറത്തുവന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ മകന്റെ വിവാഹത്തിന് സംഭാവന നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കംപോലും പഞ്ചായത്ത് കമ്മിറ്റിയിലുണ്ടായത് പാർട്ടിക്കും നാണക്കേടുണ്ടാക്കി. ലൈഫ് ഭവന പദ്ധതി ലിസ്റ്റിലുള്ളവർ പെർമിറ്റിന് അപേക്ഷിക്കുമ്പോൾ ഫയൽ മടക്കുകയാണെന്ന് എതിർപക്ഷം പറയുന്നു.
അപേക്ഷകരോട് പുറമെനിന്നുള്ള ഏജൻസിയെക്കൊണ്ട് സ്ഥലം അളപ്പിച്ച സ്കെച്ച് ആവശ്യപ്പെടുകയാണെന്നും ആയിരങ്ങൾ മുടക്കി രേഖകൾ തയാറാക്കി നൽകുമ്പോൾ പിന്നെയും ബുദ്ധിമുട്ടിക്കുകയാണെന്നും ഏഴുതവണ നടന്നിട്ടും പെർമിറ്റ് കിട്ടാത്ത കുടുംബത്തിന്റെ പ്രശ്നത്തിൽ ഇടപെട്ട മെംബറെയും ഭർത്താവിനെയും അധിക്ഷേപിച്ച് ഇറക്കിവിട്ടതായും എതിർപക്ഷം ആരോപിക്കുന്നു. മെംബറുടെ ഭർത്താവ് തട്ടിക്കയറുന്നതും ബഹളംവെക്കുന്നതും പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ മറുപടി പറയുന്നതുമായ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുകയാണ്. മെംബറുടെ ഭർത്താവായ വി.ബി. ശശിക്കെതിരെ പ്രസിഡന്റ് ടി.എൻ. മിഥുൻ പൊലീസിൽ പരാതിയും നൽകി.
ശാരീരിക പ്രയാസങ്ങളും ചികിത്സയും നടക്കുന്നതിനിടെയാണ് ടി.എൻ. മിഥുന് പ്രസിഡന്റായത്. പലപ്പോഴും പ്രസിഡന്റിന്റെ അസാന്നിധ്യത്തിൽ വൈസ് പ്രസിഡന്റ് മിനി സാജനാണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നതെന്നും മണ്ണുമാഫിയ ഉൾപ്പെടെയുള്ളവർക്ക് ഇവർ വഴിവിട്ട സഹായം ചെയ്തിട്ടുണ്ടെന്നും മറുപക്ഷം ആരോപിക്കുന്നു. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും മാറ്റണമെന്ന ഈ വിഭാഗത്തിന്റെ ആവശ്യം നേതൃത്വത്തിനെ വെട്ടിലാക്കി. എന്നാൽ, പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയം ഉൾപ്പെടെ നടപടികൾ മുന്നിൽക്കണ്ട് എം.എൽ.എയുടെ നേതൃത്വത്തിൽ ബുധനാഴ്ച ചേരാനിരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽനിന്ന് എതിർവിഭാഗം വിട്ടുനിൽക്കുമെന്ന് അറിയിച്ചതിനാൽ മാറ്റിവെച്ചു.�
+ There are no comments
Add yours