അമ്പലമേട്: അമ്പലമുകൾ വ്യവസായ മേഖലയിൽ അയ്യൻകുഴി പ്രദേശത്ത് കൊച്ചിൻ റിഫൈനറിയുടെയും എച്ച്.ഒ.സിയുടെയും മതിലുകൾക്കുള്ളിൽ ഒമ്പതര ഏക്കറിൽ കുടുങ്ങി കിടക്കുന്ന ജനങ്ങളുടെ സ്ഥലം ഏറ്റെടുത്ത് ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കമ്പനികൾക്ക് മുന്നിൽ നടത്തുന്ന സമരം 50 ദിവസം പിന്നിട്ടു.
ദിവസവും വൈകീട്ടാണ് സമരം നടക്കുന്നത്. കഴിഞ്ഞ ദിവസം മലിനീകരണം ശക്തമായതിനെ തുടർന്ന് റോഡ് ഉപരോധ സമരം ഉൾപ്പെടെ നടത്തിയിരുന്നു. ഇവിടെ താമസിക്കുന്ന അധികപേർക്കും രണ്ട്- മൂന്ന് സെന്റ് മാത്രം സ്ഥലമാണുള്ളത്. തെക്ക് പടിഞ്ഞാറ് ഭാഗം എച്ച്.ഒസിയും കിഴക്ക് വടക്ക് ഭാഗം റിഫൈനറിയുടെയും രണ്ടാൾ പൊക്കമുള്ള മതിലുകളാണ്. രണ്ട് മതിലുകളുടെ ഇടയിലുള്ള റോഡിലൂടെ മാത്രമേ ഇവിടെ എത്തിപ്പെടാൻ കഴിയൂ. എന്തെങ്കിലും അപകടം ഉണ്ടായാൽ ഓടി രക്ഷപ്പെടാൻ പോലും കഴിയില്ലെന്നാണ് സമരസമിതി നേതാക്കൾ പറയുന്നത്. 1984 മുതൽ ഈ പ്രദേശത്തുള്ളവർ സമരത്തിലാണ്.
സദാ സമയവും രൂക്ഷമായ ശബ്ദ- വായു മലിനീകരണവുമാണ്. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ശ്വാസകോശ രോഗങ്ങൾ വ്യാപകമാണ്. അയ്യൻ കുഴി നിവാസികളുടെ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ നടപടി വേണമെന്ന് കോടതി ഉൾപ്പടെ ആവശ്യപ്പെട്ടെങ്കിലും സർക്കാറോ കമ്പനികളോ വേണ്ട നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ല. ഇതോടെയാണ് അയ്യൻ കുഴി നിവാസികൾ പ്രത്യക്ഷസമരവുമായി രംഗത്ത് വന്നിരിക്കുന്നത്. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനുളള നീക്കത്തിലാണിവർ.
+ There are no comments
Add yours