ആലുവ: ചെസ്സിൽ നേട്ടങ്ങൾ എത്തിപ്പിടിച്ചതിനാണ് ബാലാനന്ദൻ അയ്യപ്പനെ തേടി ഉജ്ജ്വല ബാല്യം പുരസ്കാരമെത്തിയത്. വിദേശ രാജ്യങ്ങളിലടക്കം നിരവധി മത്സരങ്ങളിൽ പങ്കെടുത്ത ബാലാനന്ദന് അർഹതക്കുള്ള അംഗീകാരമാണിത്. വിവിധ ചെസ് മത്സരങ്ങളിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച ഈ 11കാരൻ കൂടുതൽ നേട്ടങ്ങൾ കൈയ്യാനുള്ള തയ്യാറെടുപ്പിലുമാണ്.
ആലുവ തേവക്കൽ നെല്ലിക്കാമല റോഡ് മിഡോറി എൻക്ലേവ് ദ്വാരകയിൽ അയ്യപ്പന്റെയും ഇന്ദുവിന്റെയും മകനായ ബാലാനന്ദൻ തേവക്കൽ വിദ്യോദയ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. അഞ്ച് വയസ് മുതലാണ് ചെസ്സിലേക്ക് തിരിഞ്ഞത്. 2022-23ൽ ഇൻഡോറിൽ നടന്ന ദേശീയ ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ ഒമ്പത് വിഭാഗത്തിൽ രണ്ടാം റണ്ണറപ്പായിരുന്നു. തുടർന്ന് ജോർജിയ, യു.എ.ഇ എന്നിവിടങ്ങളിൽ നടന്ന അന്തർദേശീയ ചാമ്പ്യൻഷിപ്പുകളിലും മികച്ച നേട്ടം കൈവരിച്ചു. അന്താരാഷ്ട്ര ചെസ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൺലൈൻ ചെസ് ടൂർണമെന്റിലും ഒമ്പത് റൗണ്ടുകളിൽ നിന്ന് എട്ട് പോയിന്റ് നേടി കിരീടം സ്വന്തമാക്കി.
കോഴിക്കോട് സ്വദേശി സൻജിത് ലത്തീഫായിരുന്നു ആദ്യകാല ഗുരു. നിലവിൽ 1,884 ക്ലാസിക്കൽ റേറ്റിങും 1,891 റാപ്പിഡ് റേറ്റിങും 1,960 ബ്ലിറ്റ്സ് റേറ്റിങ്ങും നേടി ചെസിൽ ജൈത്രയാത്ര തുടരുകയാണ് ബാലാനന്ദൻ. ഇതിനിടയിൽ മറ്റു നിരവധി നേട്ടങ്ങളും കൈവരിച്ചു. അണ്ടർ 11 കാറ്റഗറിയിൽ സംസ്ഥാന ചാമ്പ്യൻ പട്ടവും നേടി. ഒമ്പതാം ക്ലാസ് വിദ്യാർഥിനി അമേല സഹോദരിയാണ്.
+ There are no comments
Add yours