കൊച്ചി: എ.ഐ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്), റോബോട്ടിക്സ് തുടങ്ങി നാളെയുടെ സാങ്കേതിക വിദ്യകളെകുറിച്ച് ഇന്നത്തെ കാലത്ത് കേൾക്കാത്തവരുണ്ടാകില്ല.
എന്നാൽ, നമ്മളിൽ പലരും ഈ വാക്കുകൾ കേട്ടുതുടങ്ങുന്നതിനും ഏറെ മുമ്പേ ഈ വഴികളിലൂടെ ഏറെ മുന്നേറിയ ആളാണ് റൗൾ ജോൺ അജു. നോർത്ത് ഇടപ്പള്ളി ജി.വി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർഥിയായ റൗൾ ഇൻസ്റ്റഗ്രാമിലും യൂ ട്യൂബിലുമെല്ലാം നിരവധി ഫോളോവർമാരുള്ള സാങ്കേതികവിദ്യയിൽ വിവിധ കണ്ടൻറുകൾ സൃഷ്ടിക്കുന്ന ഇൻഫ്ലുവൻസറാണ്.
യു.എസിലെയും യു.കെയിലെയും നിരവധി അധ്യാപകർക്ക് നിർമിത ബുദ്ധിയെക്കുറിച്ചും റോബോട്ടിക്സിനെകുറിച്ചുമെല്ലാം ക്ലാസെടുക്കുന്ന റൗൾ വ്യാഴാഴ്ച സ്വന്തം അധ്യാപകർക്ക് ക്ലാസെടുക്കുന്നതിനിടെയാണ് ഉജ്ജ്വല ബാല്യം പുരസ്കാരം തേടിയെത്തിയ വിവരമറിയുന്നത്. സാധാരണക്കാർക്ക് വിവിധ വിഷയങ്ങളിൽ നിയമവഴി പറഞ്ഞുകൊടുക്കുന്ന ന്യായ്സാഥി എന്ന ലോബോട്ടിന്റെ സൃഷ്ടാവു കൂടിയാണ് റൗൾ. എ.ഐ റെലം എന്ന എൽ.എൽ.സിയുടെ കീഴിൽ ഒരുക്കിയ ന്യായ്സാഥി ദിവസങ്ങൾക്കകം ഔദ്യോഗികമായി ലോഞ്ച് ചെയ്യാനിരിക്കുകയാണെന്ന് റൗൾ പറയുന്നു.
ചെറുപ്പത്തിൽ കമ്പ്യൂട്ടർ ഗെയിംസിലുണ്ടായ താൽപര്യമാണ് റൗളിനെ ഈ മേഖലയിലേക്ക് നയിച്ചത്. ഈ ഇഷ്ടം യൂട്യൂബിലൂടെ എ.ഐയെക്കുറിച്ച് പഠിക്കാൻ പ്രേരിപ്പിച്ചു. കാര്യങ്ങളെല്ലാം സ്വയം പഠിച്ചെടുത്താണ് ഇന്ന് റൗൾ മറ്റുള്ളവരെ പഠിപ്പിക്കുന്നത്. ക്ലബ് ഹൗസ് സമൂഹ മാധ്യമ പ്ലാറ്റ്ഫോമിലൂടെയായിരുന്നു വിദേശ അധ്യാപകരെ പഠിപ്പിക്കുന്നതിന്റെ തുടക്കം.
കോവളത്ത് കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ സമ്മേളനത്തിൽ പ്രഭാഷകനായി എത്തിയ റൗൾ ഇതിനകം നിരവധി വേദികളിലും സ്കൂൾ, കോളജ് വിദ്യാർഥികൾക്കുള്ള സെഷനുകളിലും തന്റെ അറിവ് പകർന്നു നൽകിയിട്ടുണ്ട്. ടെഡക്സ്, ഗൂഗ്ൾടോക്സ് എന്നിവയിലും സംസാരിച്ചിട്ടുണ്ട്. റൗൾ ദി റോക്സ്റ്റാർ എന്ന റൗളിന്റെ ഇൻസ്റ്റഗ്രാം പേജിന് 1.37 ലക്ഷം ഫോളോവർമാരുണ്ട്. ഓരോ റീൽസിനും മില്യനിലധികം കാഴ്ചക്കാരുമുണ്ടാവാറുണ്ട്.
ഈ രംഗത്തെ അറിവുകൾ സമൂഹനന്മക്കായി ഉപയോഗിക്കുക, മറ്റുള്ളവർക്ക് പകർന്നു നൽകുക എന്നതിനാണ് താൻ ഊന്നൽ നൽകുന്നതെന്ന് റൗൾ പറയുന്നു. ഐ.ടി സെക്ടറിൽ ജോലി ചെയ്യുന്ന അജു ജോസഫ്, ഷീബ ആൻ എന്നിവരാണ് മാതാപിതാക്കൾ. ഇടപ്പള്ളി ചമ്മണി റോഡിലാണ് റൗൾ താമസിക്കുന്നത്.
+ There are no comments
Add yours