കാലടി: വി.കെ.ഡി പച്ചക്കറി മൊത്തവ്യാപാരിയുടെ കാഷ്യറെ കുത്തിപ്പരിക്കേല്പിച്ച് 20 ലക്ഷം രൂപയോളം കവര്‍ന്ന കേസിലെ പ്രതികളെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാന്‍ സാധിക്കാതെ പൊലീസ്. തുമ്പ് കിട്ടിയിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത അവസ്ഥയാണ്. വെള്ളിയാഴ്ചയാണ് ചെങ്ങല്‍ കോണ്‍വെന്റിന് സമീപം കാലടി-കാഞ്ഞൂര്‍ പ്രധാന റോഡില്‍ വൈകീട്ട് അഞ്ചരക്ക് സ്കൂട്ടറില്‍ പോകുകയായിരുന്ന കാഷ്യറായ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ തങ്കച്ചനെ ഇരുചക്ര വാഹനത്തില്‍ എത്തിയ രണ്ടുപേർ കത്തികൊണ്ട് കുത്തിവീഴ്ത്തി പണം കവര്‍ന്നത്.
എം.സി റോഡില്‍ കാലടി സര്‍ക്കാര്‍ ആശുപത്രിക്ക് അടുത്തുള്ള പച്ചക്കറി ഓഫിസില്‍നിന്ന് 32 ലക്ഷം രൂപയുമായി വി.കെ.ഡി ഗ്രൂപ് ഉടമയായ വി.പി. തങ്കച്ചന്റെ വീട്ടില്‍ കൊടുക്കാൻ കാഷ്യര്‍ പോകുമ്പോഴായിരുന്നു ആക്രമണം. സംഭവം നടന്ന ഉടൻ പൊലീസ് സി.സി ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ആക്രമണം നടത്തിയവരുടെ ചിത്രങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. വിരലടയാള വിദഗ്ധരും പരിശോധിച്ചിരുന്നു. ദേശം, അത്താണി, പറവൂര്‍ വഴി കൊടുങ്ങല്ലൂര്‍വരെ ആക്രമികള്‍ പോയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മോഷണത്തിന് ഉപയോഗിച്ച ബൈക്ക് വാടകക്ക് എടുത്തതാണെന്നും തെളിഞ്ഞിരുന്നു. ബൈക്ക് ആര്.സി ബുക്ക് ഉടമയെ പിടികൂടിയതായി സൂചനയുണ്ട്. കുത്തിപ്പരിക്കേല്പിച്ച് പണം തട്ടിയെടുത്ത് അതേ സ്കൂട്ടറില്‍ 80 കിലോമീറ്ററോളം ദൂരം ആക്രമികള്‍ യാത്ര ചെയ്തിട്ടും പിടികൂടാനാകാത്തത് പൊലീസിന്റെ വീഴ്ചയാണെന്ന് ആരോപണമുയരുന്നുണ്ട്. വയറ്റിൽ ആഴത്തില്‍ കുത്തേറ്റ കാഷ്യര്‍ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് കാലടി മര്‍ച്ചന്റ്സ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു.
+ There are no comments
Add yours