മൂവാറ്റുപുഴ: അമ്മക്ക് അവസാന മുത്തം നൽകുമ്പോഴും അവൻ നിർവികാരനായിരുന്നു. കണ്ടുനിന്നവരുടെ കണ്ണുകൾ നിറഞ്ഞപ്പോഴും 11കാരനായ ഇമ്മാനുവലിൽ ഭാവമാറ്റം ഒന്നും ഉണ്ടായില്ല. പതിവിന് വിപരീതമായി അവൻ അടങ്ങിനിന്നു. അമ്മയുടെ മൃതദേഹത്തിൽ അവസാന മുത്തവും നൽകി യാത്രയാക്കുകയും ചെയ്തു.
തീവ്ര ഓട്ടിസം ബാധിതനാണ് ഇമ്മാനുവൽ. ഡിസംബർ 15ന് ആവോലി ജങ്ഷന് സമീപം സ്കൂട്ടറിൽ ഓട്ടോറിക്ഷ ഇടിച്ചാണ് ഇമ്മാനുവലിന്റെ അമ്മ ഷീനക്ക് പരിക്കേറ്റത്. കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് സംസ്കാര ചടങ്ങുകൾക്കിടെ ഏവരുടെയും കണ്ണുനിറച്ച് ഇമ്മാനുവൽ അമ്മക്ക് യാത്രാമൊഴിയേകിയത്. നേരത്തേ അച്ഛനെ നഷ്ടപ്പെട്ട ഇമ്മാനുവൽ അമ്മയുടെ മരണം കൂടിയായതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. പീസ് വാലിയുടെ സംരക്ഷണത്തിലാണ് കുട്ടി കഴിയുന്നത്.
ഒന്നരമാസം മുമ്പാണ് ഇമ്മാനുവലിനെയും കൂട്ടി ഷീന പീസ്വാലിയിൽ എത്തിയത്. തീവ്ര ഓട്ടിസം ബാധിതനായ മകനെ പീസ് വാലിയിൽ പ്രവേശിപ്പിക്കാമോ എന്നായിരുന്നു ആവശ്യം. ഭർത്താവ് മരിച്ചതിനാലും ഇളയ മകൾ ഉള്ളതിനാലും ജോലി അവർക്ക് അത്യാവശ്യമായിരുന്നു. ഹൈപ്പർആക്ടിവ് ആയ ഇമ്മാനുവലിന് പ്രവേശനം നൽകാൻ സ്പെഷൽ സ്കൂളുകൾപോലും മടിച്ച ഘട്ടത്തിലാണ് പീസ് വാലിക്ക് കീഴിലെ ചിൽഡ്രൻസ് വില്ലേജിൽ ഇമ്മാനുവൽ എത്തുന്നത്.
അപേക്ഷ എഴുതിവാങ്ങുന്നതിനിടെ ചിൽഡ്രൻസ് വില്ലേജിന്റെ ചില്ലുവാതിലിന്റെ ലോക്ക് പറിച്ചെടുത്ത് ഇമ്മാനുവൽ പുറത്തേക്കോടി. മകന് പിറകെ ഓടുന്ന നിസ്സഹായയായ ആ അമ്മയുടെ ചിത്രം പീസ് വാലിയിലെ ജീവനക്കാർ ഓർക്കുന്നു. അപേക്ഷ കിട്ടിയ ഉടനെ ആവോലി വില്ലേജ് ഓഫിസിന് സമീപത്തെ വീട്ടിലെത്തിയ പീസ് വാലി ഭാരവാഹികൾ കണ്ടത് രോഗവും ദാരിദ്ര്യവും ചേർന്ന ദയനീയ കാഴ്ചകളാണ്.
ശിശുക്ഷേമ സമിതിയുടെ ഉത്തരവ് വാങ്ങി അടുത്ത ദിവസംതന്നെ ഇമ്മാനുവലിനെ പീസ് വാലി ഏറ്റെടുത്തു. ഒരുമാസത്തോളം കൃത്യമായ ചികിത്സ നൽകിയ ശേഷമാണ് ഇമ്മാനുവലിന്റെ പ്രയാസങ്ങൾക്ക് അയവുവന്നത്. കോവിഡ് ബാധിച്ചാണ് ഇമ്മാനുവലിന്റെ പിതാവ് ബിജി മരിച്ചത്. പത്ത് വയസ്സുകാരിയായ എയ്ഞ്ചലാണ് സഹോദരി.�
+ There are no comments
Add yours