കുട്ടിക്കാലത്ത് അറബിക്കടൽ തീരവും വേമ്പനാട്ടുകായലിലെ ഓളപ്പരപ്പുകളിൽ നീന്തിത്തുടിക്കുന്ന ചെറു മത്സ്യങ്ങളും വിരിഞ്ഞുനിൽക്കുന്ന താമരപ്പൂക്കളും പാറിനടക്കുന്ന വെള്ളകൊക്കുകളും പൂക്കളിൽ തേൻനുകരാനെത്തുന്ന വർണ ശലഭങ്ങളുമൊക്കെയായി ഓർമകളിൽ കോറിയിട്ട വർണക്കാഴ്ചകളെ വർഷങ്ങൾക്കിപ്പുറം ദുബൈയിലെ റൂമിലിരുന്നുകൊണ്ട് റെസിൻ ആർട്ടിൽ പുനരാവിഷ്കാരം നടത്തി വിസ്മയം തീർക്കുകയാണ് ഫോർട്ടുകൊച്ചി ചുള്ളിക്കൽ സ്വദേശിനിയായ മിസ്രിൻ സനു.
വരയോടും വർണങ്ങളോടും ചെറുപ്പം മുതലേ കമ്പം തോന്നിയ മിസ്രിന് ഒഴിവു സമയങ്ങളെ ചിത്രരചനകൾക്കായി ചെലവഴിക്കുന്നതിലായിരുന്നു കൂടുതൽ താൽപര്യം. പിതാവ് എ.എസ് മുഹമ്മദ് ചുറ്റുമുള്ള പ്രിയപ്പെട്ടവരെ പേനകൊണ്ട് കടലാസ് തുണ്ടുകളിൽ വരക്കുന്നതും ആളുകൾ അദ്ദേഹത്തിന് നൽകുന്ന അഭിനന്ദനങ്ങളും കൗതുകത്തോടെ നോക്കിയിരുന്ന കുഞ്ഞു മിസ്രിന് കലകാരിയാവണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പഠനകാലത്ത് ചിത്രം വരക്കാനും മത്സരങ്ങളിൽ പങ്കാളിയാവാനും കിട്ടിയ ഒരവസരവും പാഴാക്കിയില്ല. അവളുടെ ചിത്രങ്ങൾ കണ്ട പലരും പിതാവിന്റെ കഴിവ് മിസ്രിന് കിട്ടിയിട്ടുണ്ട് എന്ന് പറയുന്നത് കേൾക്കുമ്പോൾ ഏറെ അഭിമാനം തോന്നിയിരുന്നു.
മൂന്നാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കെ മുതിർന്നക്ലാസിലെ കുട്ടി സഹപാഠിയുടെ കൈയിൽ ഭംഗിയായി മൈലാഞ്ചിയണിയിക്കുന്നതു കണ്ട മിസ്രിൻ വീട്ടിലെത്തി കടലാസിൽ മൈലാഞ്ചി ഡിസൈനുകൾ വരക്കാൻ തുടങ്ങി. ഡിസൈനുകൾ കണ്ട ഉമ്മ ഫൗസിയ സഹോദരി ഹാജറയുടെ കൈയ്യിൽ വരച്ചുനോക്കാൻ പറഞ്ഞത് ഏറെ ആത്മവിശ്വാസം നൽകി. പിന്നീട് മെഹന്തി അണിയിക്കാൻ കൈകൾ തെരഞ്ഞ് നടപ്പായി. മെഹന്തി ഡിസൈനിംഗിൽ ആത്മവിശ്വാസമായതോടെ മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി.
ഒരിക്കൽ മത്സരത്തിൽ പങ്കെടുത്ത ശേഷം ഫൈനൽ റൗണ്ടിലെത്തുകയും അവസാന സെലക്ഷനിൽ പുറത്താവുകയും ചെയ്തപ്പോൾ അതുണ്ടാക്കിയ നിരാശയും വേദനയും പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. അതോടെ ചിത്രരചനയോടുതന്നെ മടുപ്പ് തോന്നി തൽക്കാലം പിന്തിരിഞ്ഞു. ഒഴിവുസമയങ്ങളിൽ മകളെ സൈക്ലിങ്, ബാഡ്മിന്റൺ തുടങ്ങിയവ പഠിക്കാനും ക്രിയാത്മക കാര്യങ്ങളിൽ വ്യാപൃതരാക്കുന്നതിനുമായി ഉമ്മ ബന്ധുവായ നഫ്ലക്കൊപ്പം പറഞ്ഞുവിട്ടു.
നഫ് ലയിൽ നിന്നാണ് പോട്ട് പെയിന്റിങ് കലാരൂപം പഠിക്കാൻ കഴിഞ്ഞത്. കിട്ടുന്ന പാത്രങ്ങളെല്ലാം പെയിന്റ് ചെയ്ത് സ്വന്തമായി ശൈലികൾ പരീക്ഷിക്കാൻ തുടങ്ങി. അവധിക്കാലങ്ങൾ തുണിയിലും പാത്രങ്ങളിലുമായി ഏറെ സൃഷ്ടികൾ ചെയ്യാനും കഴിഞ്ഞു. ഡിസൈനുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖല പ്രൊഫഷനായി തെരഞ്ഞടുക്കണമെന്ന് ആഗ്രഹം മനസ്സിലുദിച്ചു തുടങ്ങിയത് അങ്ങനെയാണ്.
ഇതിനിടെയാണ് വിവാഹജീവിതത്തിലേക്ക് കടക്കുന്നത്. ഭർത്താവിനൊപ്പം താമസം ബാംഗ്ലൂരിലേക്ക് മാറി. പഠനം പാതിവഴിയിൽ നിർത്തേണ്ടി വന്നു. ഏറെ മാനസിക സംഘർഷത്തിലൂടെയായിരുന്നു ആ സമയം കടന്നുപോയത്. മനസ്സിന്റെ സന്തോഷം തിരിച്ചു പിടിക്കാൻ എന്തെങ്കിലുമൊരു പോംവഴി കാണണമെന്ന ചിന്തയാണ് വീണ്ടും പോട്ട് പെയിന്റിങ്ങിൽ എത്തിച്ചത്. ജോലി മാറ്റത്തിന്റെ ഭാഗമായി ഭർത്താവിന് ദുബൈയിലേക്ക് മാറേണ്ടിവന്നു. കുറച്ചുകാലം കൂടി മകനൊപ്പം ബാംഗ്ലൂരിൽ തങ്ങേണ്ടിവന്നപ്പോൾ കലക്കും വായനക്കും കൂടുതൽ സമയം കണ്ടെത്താനായി. അതിനിടയിൽ മകന്റെ സ്കൂൾ അഡ്മിഷനായി ഒരാഴ്ചത്തെ സന്ദർശനത്തിന് ദുബൈയിൽ എത്തി.
തൊട്ടടുത്ത ദിവസങ്ങളിൽ കോവിഡ് കാരണം യാത്ര നിരോധം വന്നതോടെ എട്ടു മാസക്കാലം ദുബൈയിൽ തങ്ങേണ്ടി വന്നു. പുറത്തിറങ്ങാനാവാത്ത ആദ്യ രണ്ടു മൂന്നു മാസങ്ങൾക്കുശേഷം വീണ്ടും മനസ്സ് അസ്വസ്ഥമാവാൻ തുടങ്ങിയതോടെ ഭർത്താവിന്റെ നിർദേശപ്രകാരം വീണ്ടും പെയിന്റിങ് ആരംഭിച്ചു. ഒരു വാട്ടർകളർ സെറ്റ് സംഘടിപ്പിച്ച് വീണ്ടും വരക്കാൻ തുടങ്ങി. വാട്ടർ കളറിലെ ആദ്യ പരീക്ഷണങ്ങൾ പരാജയപ്പെടാൻ തുടങ്ങിയപ്പോൾ രണ്ടു വഴികളായിരുന്നു മുന്നിൽ. ഒന്നുകിൽ ഇതെല്ലാം ഒഴിവാക്കി പരാജയം സമ്മതിച്ച് പിൻമാറുക, അല്ലെങ്കിൽ കൂടുതൽ പരിശീലനത്തിലൂടെ ഒരു കഴിവുകൂടി സ്വായത്തമാക്കുക. രണ്ടാമത്തെ വഴിയാണ് തെരഞ്ഞെടുത്തത്.
കോവിഡ് കാലത്ത് റൂമിൽ ഒതുങ്ങി കഴിച്ചുകൂട്ടേണ്ടിവരുമായിരുന്ന സമയത്തെ സ്വന്തം കഴിവുകൾ കണ്ടെത്താനും പരിപോഷിപ്പിക്കാനുമുള്ള അവസരമാക്കി മാറ്റാൻ കഴിഞ്ഞു. ഈ കാലത്തുതന്നെ റെസിൻ ആർട്ടിൽ കടൽത്തീരം നിർമിക്കുന്നതിൽ പരിശീലനം നേടാൻ കഴിഞ്ഞത് ഏറെ ഉപകാരപ്രദമായി. റെസിൻ ആർട്ടിൽ ആത്മവിശ്വാസം ലഭിച്ചതോടെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് കാര്യമായി ആലോചന തുടങ്ങി. എല്ലാം ഒരുക്കി വെച്ചിട്ടും പരിശീലനത്തിന് വരാമെന്നേറ്റ പലരും വന്നില്ല. അങ്ങനെ പല വർക്ക് ഷോപ്പുകളും പരാജയമായിരുന്നു. എന്നിരുന്നാലും എപ്പോഴും കൺഫർട്ട് സോണിൽ നിൽക്കാതെ പുതിയ പുതിയ കഴിവുകൾ നേടിയെടുക്കുകയെന്ന തീരുമാനത്തിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷും ദുബൈയിലെ ഡ്രൈവിങ് ലൈസൻസുമെല്ലാം നേടിയെടുത്തു.
ഓൺലൈനായും ഓഫ് ലൈനായും വർക്ക് ഷോപ്പുകൾ കൂടുതൽ നല്ല രീതിയിയിൽ സംഘടിപ്പിക്കാൻ ഇവയെല്ലാം പിന്നീട് സഹായകരമായി.ഒരിക്കൽ വീട്ടിൽ അലങ്കാരത്തിനുവെച്ച ഒരു ഫ്ലവർവേസ് പൊട്ടിയപ്പോൾ പകരംവെക്കാനായി മറ്റൊരു പാത്രം തെരഞ്ഞു നടന്നു. കിട്ടിയതാവട്ടെ ഒര ഗ്ലാസ് ബോട്ടിലും. ചെയ്തുശീലിച്ച പോട്ട് പെയിന്റിങ്ങിൽ പുതുതായി ചില പൊടിക്കൈകൾ കൂടി ചേർത്ത് ഡിസൈൻ ചെയ്ത് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തപ്പോൾ വലിയ പ്രതികരണമാണ് ലഭിച്ചത്.സോഷ്യൽ മീഡിയയിൽ ഇടുന്ന പോസ്റ്റുകൾക്ക് കാഴ്ചക്കാരും ആവശ്യക്കാരും ഏറിവന്നപ്പോഴാണ് റെസിൻ ആർട്ടിൽ സ്വന്തമായൊരു ശൈലി വികസിപ്പിക്കണമെന്ന് തോന്നിത്തുടങ്ങിയത്.
കുളത്തിലെ ജലപ്പരപ്പിൽ പൊങ്ങിനിൽക്കുന്ന താമര ഇലയും വിരിഞ്ഞുനിൽക്കുന്ന താമരയും നീന്തിത്തുടിക്കുന്ന മത്സ്യങ്ങളും ചെറു വള്ളവുമെല്ലാം ഉൾക്കൊള്ളുന്നൊരു കൊച്ചു താമരക്കുളം റെസിനിൽ തീർത്ത് റെസിൻ ലോട്ടസ് പോണ്ട് എന്ന സ്വന്തമായ കലാസൃഷ്ടി വികസിപ്പിച്ചെടുത്തു. ആദ്യത്തെ ലോട്ടസ് പോണ്ട് ആർട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്ത ഉടനെ യു.കെയിൽ നിന്നടക്കമുളള ആളുകൾ ഓർഡർ നൽകുകയും ഏറെപേർക്ക് ലോട്ടസ് പോണ്ട് നിർമിച്ചു നൽകുകയും ചെയ്തു. ആവശ്യക്കാരേറിയതോടെ താൽപര്യമുള്ളവർക്ക് ഓൺലൈനായി വർക് ഷോപ്പുകൾ സംഘടിപ്പിച്ചു. മരത്തിൽ റെസിൻ ഉപയോഗിച്ച് മാർബിൾ എഫക്ട് വരുത്തി അതിനുമീതെ പൂക്കളും മറ്റും പെയിന്റിങ് ചെയ്യുന്ന റെസിൻ ഫാൻസി ആർട്ട് സ്വന്തമായി രൂപപ്പെടുത്തി.
റെസിൻ ആർട്ടിൽ വർക്കുകൾ ചെയ്യാനും സോഷ്യൽമീഡിയ ശ്രദ്ധിക്കപ്പെടാനും തുടങ്ങിയതോടെ ദുബൈയിൽ റെസിൻ ആർട്ട് വർക്ക് ഷോപ്പുകൾ നടത്തുന്ന പ്രമുഖ സ്ഥാപനത്തിൽനിന്ന് വർക്ക് ഷോപ്പ് ചെയ്യാൻ താൽപര്യം ചോദിച്ചുകൊണ്ട് അന്വേഷണം വന്നത് ഒരർഥത്തിൽ തൻറെ പ്രയത്നങ്ങൾക്കുള്ളൊരു അംഗീകാരമായിട്ടാണ് കാണുന്നത്. ഇപ്പോൾ മാസത്തിൽ മൂന്നോളം വാരാന്ത്യങ്ങളിൽ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന വർക്ക് ഷോപ്പുകൾ നടത്തുന്നുണ്ട്. ഒരിക്കൽ നാട്ടിൽപോകാനിരിക്കെ ദുബൈ ഗവൺമെൻറ് ഓഫീസിൽനിന്നും ഇമാറാത്തി കലാകാരികൾക്ക് വർക്ക് ഷോപ്പിൽ പരിശീലനം നൽകാൻ കഴിയുമോ എന്ന് ചോദിച്ചു. ഏറെ സന്തോഷം നൽകിയ ഒരു സന്ദർഭമായിരുന്നു അത്. നാട്ടിൽ നിന്ന് തിരിച്ചെത്തിയ ഉടനെ സൃഹൃത്തായ വിനീതയോടൊപ്പം നല്ല രീതിയിൽ ഒരു വർക്ക് ഷോപ്പ് ചെയ്യാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം തോന്നി.
സോഷ്യൽ മീഡിയയിൽ കൂടുതൽ സ്വീകാര്യത കിട്ടിത്തുടങ്ങിയതോടെ സ്വന്തം രചനകളും പരിശീലന വീഡിയോകളും പങ്കുവെക്കാനായി ഇൻസ്റ്റഗ്രാമിൽ മൂന്നു വർഷം മുമ്പ് zoohi.arts എന്നപേരിൽ സ്വന്തമായി ഒരു പേജ് തുടങ്ങി. മരുഭൂപ്രദേശമായ യു.എ.ഇയുടെ പാതയോരങ്ങളും പരിസരവും പച്ചപുതപ്പിക്കുകയും വൈവിധ്യങ്ങളായ പൂക്കളാലും വർണച്ചെടികളാലും കൺകുളിർമയേകുന്ന കാഴചകളൊരുക്കി വിശാലമായൊരു കാൻവാസാക്കാൻ ഈ നാട്ടിലെ ഭരണാധികാരികൾ കാണിക്കുന്ന ഇച്ഛാശക്തിയും പ്രയത്നവുമാണ് കലാരംഗത്ത് നേരിടുന്ന പ്രതിസന്ധികളെ മറികടക്കാൻ തനിക്ക് ആത്മവിശ്വാസവും മനോധൈര്യവും പകരുന്നത്. പുതിയ പരീക്ഷണങ്ങളും രചനകളുമായി മുന്നോട്ടു പോകുമ്പോൾ എല്ലാ തരത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന ഭർത്താവ് സാനു നസീറും മകൻ ആമിർസാനുവും മറ്റു കുടുംബാംഗങ്ങളുമാണ് തൻറെ ഏറ്റവും വലിയ പിന്തുണ.
+ There are no comments
Add yours