കൊച്ചി: ആലപ്പുഴ ജില്ലയിലെ കളർകോട് ആറ് ജീവനുകൾ പൊലിഞ്ഞ അപകടത്തിന്റെ നടുക്കത്തിലാണ് കേരളം. ഓരോ ദിവസവും പലവിധ കാരണങ്ങളാൽ നിരവധി അപകടങ്ങൾക്ക് നമ്മുടെ നാട്ടിലെ നിരത്തുകൾ സാക്ഷ്യംവഹിക്കുന്നു. തിരക്കേറിയതും അല്ലാത്തതുമായ പാതകളിൽ ഒട്ടേറെ അപകടങ്ങൾ എറണാകുളം ജില്ലയിലും സമീപകാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആളുകൾക്ക് പരിക്കേൽക്കുകയും ജീവൻ നഷ്ടമാകുകയും ചെയ്ത സംഭവങ്ങൾ നോവായി ബാക്കിയാകുന്നു.
2021 മുതൽ 2024 ആഗസ്റ്റ് വരെ കൊച്ചി സിറ്റി പരിധിയിലുണ്ടായ 9009 അപകടങ്ങളിൽ 587 പേർക്കാണ് ജീവൻ നഷ്ടമായതെന്ന് പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2019 മുതൽ 2024 സെപ്റ്റംബർ വരെയുള്ള കാലയളവിൽ എറണാകുളം റൂറൽ പരിധിയിലുണ്ടായ 21,212 അപകടങ്ങളിൽ 1638 ജീവനുകളാണ് പൊലിഞ്ഞത്.
അപകടങ്ങൾ നിരവധി
സമീപ ആഴ്ചകളിൽ നിരവധി റോഡപകടങ്ങൾ ജില്ലയിലുണ്ടായി. തൃപ്പൂണിത്തുറ എരൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടുപേർ മരിച്ചിരുന്നു. കാഞ്ഞിരമറ്റം പുതിയ പഞ്ചായത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചതും ഏതാനും ആഴ്ചകൾക്ക് മുമ്പാണ്.
കുരീക്കാട് കനാൽ റോഡിൽ ബൈക്ക് കനാലിൽ വീണ് യുവതി മരിച്ച സംഭവവുമുണ്ടായി. പൂത്തോട്ടയിൽ വെച്ച് ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ മത്സ്യത്തൊഴിലാളിയുടെ ജീവനും നഷ്ടമായിരുന്നു. എം.സി റോഡില്‍ മണ്ണൂരില്‍ കാറും നാഷണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാര്‍ യാത്രക്കാരായ അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. സിവിൽലൈൻ റോഡിൽ പാലച്ചുവട് അമ്പാടിമൂലയിൽ മൂന്നു വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റത്, എം.സി റോഡിൽ പേഴയ്ക്കാപ്പിള്ളി എസ് വളവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് നിറുത്തിയിട്ട കാറിലേക്ക് ഇടിച്ചു കയറിയത്, ചളിക്കവട്ടത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റത് എന്നിങ്ങനെ നിരവധി അപകടങ്ങളാണ് ഉണ്ടായത്.
നിയമലംഘനങ്ങൾ മുതൽ റോഡ് ശോച്യാവസ്ഥ വരെ കാരണങ്ങൾ
വിവിധ തരം നിയമലംഘനങ്ങൾ, അശ്രദ്ധ, റോഡുകളുടെ ശോച്യാവസ്ഥ എന്നിവയൊക്കെ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അമിത വേഗം, മദ്യപിച്ച് വാഹനമോടിക്കൽ, ഉറക്കമിളച്ചുള്ള ഡ്രൈവിങ് എന്നിവയിലൂടെയൊക്കെയുണ്ടാകുന്ന അപകടങ്ങൾ നിരവധിയാണ്. വാഹനങ്ങളുടെ തകരാറുകളും പലപ്പോഴും കാരണമാകുന്നു. ഏറ്റവുമധികം അപകടത്തിൽപ്പെടുന്നത് ഇരുചക്ര വാഹനങ്ങളാണ്.
നിയമങ്ങൾ പൂർണമായി പാലിച്ചും അധികൃതരുടെ നിർദേശങ്ങൾ മനസ്സിലാക്കിയും മാത്രമായിരിക്കണം ഡ്രൈവിങ്. തെരുവ് നായ്ക്കളടക്കം വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. സ്വന്തം ജീവൻ പോലെ തന്നെ മറ്റുള്ളവരുടെ ജീവനും വിലപ്പെട്ടതാണെന്ന ബോധ്യം വാഹനവുമായി നിരത്തിലേക്കിറങ്ങുന്ന എല്ലാവർക്കുമുണ്ടായേ തീരൂ. നഗരത്തിലെ ബസുകളുടെ അമിത വേഗതയെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. തിരക്കേറിയ പാതയിലൂടെ അലക്ഷ്യമായി പായുന്ന ബസുകളിൽ ഭീതിയിലാണ് ആളുകൾ യാത്ര ചെയ്യുന്നത്. രാത്രി സമയങ്ങളിൽ ഇരുചക്ര വാഹനങ്ങളിലും കാറുകളിലും അമിതവേഗതയിൽ നഗരത്തിലൂടെ ചീറിപ്പായുന്നവരും കുറവല്ല.
+ There are no comments
Add yours