പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളിയെ ജോലി തരാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി മർദിച്ച് പണം കവർന്നയാൾ പിടിയിൽ. കാഞ്ഞിരക്കാട് ജുമാമസ്ജിദിന് സമീപം കരക്കുന്നേൽ വീട്ടിൽ അബൂബക്കറിനെയാണ് (23) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
25ന് രാത്രി പത്തരയോടെ പെരുമ്പാവൂർ ബാറിൽനിന്ന് മദ്യപിച്ചിറങ്ങിയ അന്തർസംസ്ഥാന തൊഴിലാളിയെ ജോലി നൽകാമെന്ന് പറഞ്ഞ് ഇയാൾ സമീപിക്കുകയായിരുന്നു. തുടർന്ന് ബൈക്കിൽ കയറ്റി തങ്കമാളിക റോഡിലെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് മർദിച്ച് പണം കവരുകയായിരുന്നു. ഭയന്ന തൊഴിലാളി സംഭവം പുറത്തുപറഞ്ഞില്ല. പിറ്റേന്ന് പരിക്ക് ഗുരുതരമാണെന്ന് മനസ്സിലാക്കിയ സുഹൃത്തുക്കൾ ഇയാളെ ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രി അധികൃതർ നൽകിയ വിവരമനുസരിച്ചാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ശാസ്ത്രീയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മദ്യപിച്ച് റോഡിലൂടെ നടന്നുപോകുന്നവർ, തെരുവിൽ കിടന്നുറങ്ങുന്നവർ, അനാശാസ്യ പ്രവർത്തനം നടത്തുന്നവർ എന്നിവരെ ഭീഷണിപ്പെടുത്തിയും മർദിച്ചും പണംതട്ടുകയാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ ടി.എം. സൂഫിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
+ There are no comments
Add yours