കൊച്ചി: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ അതിർത്തി നിർണയവുമായി ബന്ധപ്പെട്ട അശാസ്ത്രീയത പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പരിഹരിക്കാതെ സർക്കാർ. നിലവിൽ ജില്ലയിൽ 14 ബ്ലോക്ക് പഞ്ചായത്തുകളാണുള്ളത്.
ഇതിൽ ഇടപ്പള്ളി, പള്ളുരുത്തി, മൂവാറ്റുപുഴ, കോതമംഗലം അടക്കമുള്ള ബ്ലോക്കുകളാണ് പഞ്ചായത്തുകളുടെ അശാസ്ത്രീയമായ കൂട്ടിച്ചേർക്കൽ മുലം ജനങ്ങളെ വലക്കുന്നത്.
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് നിർണയം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഇതോടെ ഇക്കുറിയും ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ അതിർത്തി നിർണയത്തിലുള്ള അശാസ്ത്രീയതക്ക് പരിഹാരമാകില്ലെന്നുറപ്പായിട്ടുണ്ട്.
അശാസ്ത്രീയ അതിരുകളുമായി ഇടപ്പള്ളിയും
പള്ളുരുത്തിയും ജില്ലയിൽ ഏറ്റവും അശാസ്ത്രീയമായി ഗ്രാമപഞ്ചായത്തുകൾ കൂട്ടിച്ചേർത്തിരിക്കുന്നത് ഇടപ്പള്ളി ബ്ലോക്കിലാണ്. എളങ്കുന്നപ്പുഴ, കടമക്കുടി, ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളാണ് ബ്ലോക്കിന്റെ അതിരുകളിൽ വരുന്നത്. ഈ പഞ്ചായത്തുകൾ പലതും ദ്വീപുസമൂഹത്തിലായതിനാൽ വിവിധ ആവശ്യങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെത്തുന്നവരാണ് ദുരിതത്തിലാകുന്നത്. എളങ്കുന്നപ്പുഴയിൽനിന്ന് ബ്ലോക്ക് ആസ്ഥാനമായ കാക്കനാടെത്തണമെങ്കിൽ മൂന്ന് ബസ് കയറണം.
ഇരുപത് കിലോമീറ്ററാണ് ദൂരം. നഗരത്തിരക്കുകളിൽപെടുമ്പോൾ ഇതിന് മണിക്കൂറുകളെടുക്കും. ഇത് തന്നെയാണ് കടമക്കുടി, ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്ത് പരിധികളിൽ നിന്നും ബ്ലോക്ക് ആസ്ഥാനത്തെത്തേണ്ടവരുടെ അവസ്ഥ. നേരത്തെ മരടും തൃക്കാക്കരയും പഞ്ചായത്തുകളായിരുന്ന കാലത്താണ് കാക്കനാട് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് വന്നത്. എന്നാൽ, ഇവ രണ്ടും നഗരസഭകളായിട്ട് വർഷങ്ങളേറെയായി. ചെല്ലാനം, കുമ്പളം, കുമ്പളങ്ങി തുടങ്ങി മൂന്ന് പഞ്ചായത്തുകളാണ് പള്ളുരുത്തി ബ്ലോക്ക് പരിധിയിലുള്ളത്. എളങ്കുന്നപ്പുഴ വൈപ്പിൻ ബ്ലോക്കിലേക്കും ഇടപ്പള്ളി ബ്ലോക്കിലെ മറ്റ് പഞ്ചായത്തുകൾ പള്ളുരുത്തിയിലേക്കും കൂട്ടിച്ചേർത്താൽ ദുരിതത്തിന് പരിഹാരമാകുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഈ രീതിയിൽ ചില ഇടപെടലുകൾ നടന്നെങ്കിലും പിന്നീടത് നിലച്ചു.
ജോലിഭാരത്തിൽ വലഞ്ഞ് കോതമംഗലവും മൂവാറ്റുപുഴയും
ജില്ലയിൽ ഏറ്റവും കൂടുതൽ പഞ്ചായത്തുകൾ വരുന്നത് കോതമംഗലം ബ്ലോക്ക് പരിധിയിലാണ്,10 എണ്ണം. തൊട്ട് പിന്നാലെ എട്ട് വീതവുമായി മൂവാറ്റുപുഴയും അങ്കമാലിയുമുണ്ട്. അതിർത്തികൾ പുനർനിർണയിക്കുമ്പോൾ ഇല്ലാതാകുന്ന ഇടപ്പള്ളിക്ക് പകരമായി പോത്താനിക്കാട് ആസ്ഥാനമായി പുതിയ ബ്ലോക്ക് പഞ്ചായത്ത് രൂപവത്കരിക്കണമെന്ന ആവശ്യം ഏറെ നാളായുണ്ട്.
ഇതെങ്ങുമെത്തിയില്ലന്ന് മാത്രം. കോതമംഗലത്തെ നാലും മൂവാറ്റുപുഴയിലെ രണ്ടും പഞ്ചായത്തുകൾ പുതിയ ബ്ലോക്കിൽ ഉൾപ്പെടുത്തണമെന്നായിരുന്നു നിർദേശം. ഉദ്യോഗസ്ഥരുടെ ജോലിഭാരത്തിനും ജനങ്ങളുടെ യാത്രാദുരിതത്തിനും പരിഹാരമാകുമായിരുന്ന ഈ നിർദേശം അധികൃതർ അവഗണിക്കുകയായിരുന്നു. നിലവിലൊരു ബ്ലോക്ക് പഞ്ചായത്ത് ഇല്ലാതാകുന്നതിന് പകരമായി മറ്റൊരു ബ്ലോക്ക് പഞ്ചായത്ത് വരുന്നതിനാൽ സർക്കാർ ഖജനാവിനാകട്ടെ പ്രത്യേക നഷ്ടങ്ങൾ ഉണ്ടാകുമായിരുന്നുമില്ല. ഇതിനായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ചില ഇടപെടലുകൾ നടന്നെങ്കിലും പിന്നീടത് നിലച്ചു. ഇതോടൊപ്പം തന്നെ മേഖലയിലെ വലിയ പഞ്ചായത്തുകൾ വിഭജിച്ച് പുതിയ പഞ്ചായത്തുകൾ രൂപവത്കരിക്കണമെന്ന ആവശ്യവും പതിറ്റാണ്ടുകളായി ചുവപ്പ് നാടയിലാണ്.