കൊച്ചി: നാശത്തിലേക്ക് കൂപ്പുകുത്തിയ കമ്പനി പഴയതുപോലെ കർഷക ഭരണസമിതിക്ക് തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് 2016ൽ പുതിയ സർക്കാർ അധികാരത്തിൽ വന്നയുടൻ കർഷക പ്രതിനിധികൾ നിവേദനവുമായെത്തി. കൃഷി മന്ത്രിയായിരുന്ന വി.എസ്. സുനിൽകുമാർ ഇതിന് അനുകൂലമായിരുന്നു. പലവട്ടം യോഗം വിളിച്ചുചേർത്തു.
എന്നാൽ, സർക്കാർ ഉത്തരവ് വഴി ഒരിക്കൽ ഏറ്റെടുത്ത കമ്പനി വീണ്ടും തിരിച്ചുനൽകാൻ നിയമപരമായ നൂലാമാലകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ എതിരു നിന്നതോടെ നീക്കം പാളി. ഇതിനിടയിൽ കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്നു. പ്രളയവും കോവിഡും സ്ഥിതി രൂക്ഷമാക്കി. ശമ്പളമടക്കം മുടങ്ങിയതോടെ ഡി.വൈ.എഫ്.ഐ അടക്കം സംഘടനകൾ പ്രതിഷേധവുമായി വന്നു.
പുനരുജ്ജീവനത്തിന് ഫണ്ട് എത്തുന്നു
കമ്പനി പ്രതിസന്ധിയിലായതോടെ അന്ന് എം.എൽ.എയായിരുന്ന എൽദോ എബ്രഹാം പ്രശ്നത്തിൽ ഇടപെട്ടു. വിവിധ ഘട്ടങ്ങളിലായി കമ്പനിയിലേക്ക് ഏറ്റവും കൂടുതൽ ഫണ്ടുകൾ വന്നതും ഇദ്ദേഹത്തിന്റെ കാലത്താണ്. കമ്പനിക്ക് പ്രവർത്തന മൂലധമായി സർക്കാർ മൂന്നുകോടി അനുവദിച്ചു. ഇതിന് പുറമെ കർഷക ഭരണസമിതിയുടെ അക്കൗണ്ടിൽ നിക്ഷേപമായുണ്ടായിരുന്ന മൂന്നുകോടി രൂപ നിയമനടപടികളിലൂടെ കമ്പനിക്ക് ലഭിച്ചു. എം.എൽ.എ ഫണ്ടിൽനിന്ന് തുക അനുവദിച്ച് ജാം യൂനിറ്റും കേന്ദ്ര സഹായത്തോടെ പെറ്റ്ബോട്ടിൽ യൂനിറ്റും ആരംഭിച്ചു.
പേരക്ക ജ്യൂസ്, മിനറൽ വാട്ടർ അടക്കം പുതിയ ഉൽപാദനവും തുടങ്ങി. ഇതോടൊപ്പം പൈനാപ്പിൾ ഇലയിൽനിന്നും ഡിസ്പോസിബിൾ പ്ലേറ്റുണ്ടാക്കുന്ന പദ്ധതിക്കും തുടക്കമിട്ടു. മാർക്കറ്റിങ്ങിനായി ഒരു വാനും ഇക്കാലയളവിൽ ലഭ്യമായി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിൽ സ്റ്റാൾ ആരംഭിക്കാനുള്ള ധാരണാപത്രവും ഒപ്പിട്ടു. എന്നാൽ, ഇതൊന്നും കമ്പനിയുടെ പ്രതിസന്ധി കുറച്ചില്ല.
കാട്ടിലെ തടി തേവരുടെ ആന…!
2016-21ൽ വിവിധ പദ്ധതികളിലായി കോടികളാണ് കമ്പനിയിലേക്ക് എത്തിയത്. എന്നാൽ, ഈ ഫണ്ട് ശരിയായ രീതിയിൽ വിനിയോഗിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾപോലും കുറ്റപ്പെടുത്തുന്നത്. പ്രവർത്തന മൂലധനമില്ലാതെ പുതിയ പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചതോടെ ഇതൊന്നും പ്രാവർത്തികമായില്ല. കമ്പനിയിലെ പ്രധാന ഇനമായ ടെട്രാപാക്ക് മെഷീൻ 2016 മുതൽ തകരാറിലാണ്. ഇതുമൂലം വിവിധഘട്ടങ്ങളിലായി മാസങ്ങളോളമാണ് ഉൽപാദനം നിലച്ചത്.
മെഷീൻ തകരാർ പരിഹരിക്കാൻ ഇതുവരെ ലക്ഷങ്ങൾ ചെലവഴിച്ചു. എന്നാൽ, തകരാർ മാത്രം പരിഹരിക്കപ്പെട്ടിട്ടില്ല. ഇതിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിൽ തലപ്പത്തുള്ളവർ പരാജയപ്പട്ടു. സർക്കാറിൽനിന്ന് ലഭിക്കുന്ന തുക ജീവനക്കാരുടെ ശമ്പള കുടിശ്ശിക തീർക്കാനും പി.എഫ് അടക്കമുള്ള ആനുകൂല്യങ്ങൾ നൽകാനും മെഷീൻ അറ്റുകുറ്റപ്പണി നടത്താനും മാത്രമാണ് തികയാറുള്ളൂ എന്നാണ് ഔദ്യോഗിക വിശദീകരണം. അനുവദിച്ച തുക കൃത്യമായ ആസൂത്രണത്തോടെ വിനിയോഗിച്ചിരുന്നെങ്കിൽ പ്രതിസന്ധി വരില്ലായിരുന്നുവെന്നാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾതന്നെ പറയുന്നത്. ഇതേ ചൊല്ലി വിജിലൻസ് അന്വേഷണ ആവശ്യവും ഉയരുന്നുണ്ട്.
സർക്കാർ ഇടപെടലില്ലെങ്കിൽ പൂട്ടുവീഴും
നൂറുകണക്കിന് കർഷകരിൽനിന്ന് ഷെയർ പിരിച്ച് ഏറെ പ്രതീക്ഷയോടെ തുടങ്ങിയ കമ്പനിക്ക് സർക്കാർ ഇടപെടലില്ലെങ്കിൽ ഏത് സമയവും പൂട്ടുവീഴാവുന്ന സാഹചര്യമാണ്. പ്രതിമാസം ശമ്പളത്തിനായി 13 ലക്ഷം വേണം. വൈദ്യുതി ബില്ലാകട്ടെ 1.75 ലക്ഷവും. ഇതുതന്നെ പലപ്പോഴും കുടിശ്ശികയാണ്. 124 തൊഴിലാളികൾ ഉള്ളിടത്ത് ഇപ്പോഴുള്ളത് 34 പേർ മാത്രം.
അതിൽതന്നെ സ്ഥിരമായുള്ളത് 13 പേർ. പ്രവർത്തന മൂലധനത്തിനായി ആറുകോടിയാണ് ഇപ്പോൾ കമ്പനി സർക്കാറിനോട് ആവശ്യപ്പെട്ടത്. അതിൽ രണ്ടുകോടി അനുവദിച്ചിട്ടുണ്ട്. ഉൽപാദനം കൂട്ടി വരുമാനം വർധിപ്പിക്കലിലൂടെ മാത്രമേ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ കഴിയൂ. ഇതിനാകട്ടെ അടിസ്ഥാനപരമായി നിരവധി കാര്യങ്ങൾ ചെയ്യാനുമുണ്ട്. അതുകൊണ്ടുതന്നെ സർക്കാറിന്റെ കൃത്യമായ പരിശോധനയും ദിശാബോധമുള്ള മാനേജ്മെന്റുമുണ്ടെങ്കിൽ മാത്രമേ പൈനാപ്പിൾ കർഷകരുടെ ഈ സ്വപ്ന പദ്ധതിക്ക് ഇനി ആയുസ്സുണ്ടാകൂ.