കൊച്ചി: ദേശീയപാത നിർമാണത്തിൽ മെല്ലെപ്പോക്കിൽ ജനം ദുരിതത്തിൽ. കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലെ കുണ്ടന്നൂർ മുതൽ മൂന്നാർവരെ നടക്കുന്ന പുനർനിർമാണമാണ് ജില്ലയിൽ ദുരിതം വിതക്കുന്നത്. തിരക്കേറിയ ദേശീയപാതയുടെ ഇരുഭാഗത്തുമായി നടക്കുന്ന നവീകരണം ഇഴയുകയാണ്. ഇത് യാത്രക്കാർക്ക് തീരാദുരിതമാണ് സമ്മാനിക്കുന്നത്.
എങ്ങുമെത്താതെ കാന നിർമാണം
● കുണ്ടന്നൂർ മുതൽ മൂന്നാർ വരെയുള്ള 125 കിലോമീറ്റർ നവീകരണത്തിൽ ആദ്യഘട്ടത്തിൽ ടാറിങ് നടത്തി. തുടർന്നാണ് വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡിന് ഇരുവശവും കാനനിർമാണം ആരംഭിച്ചത്. നിർമാണം ആരംഭിച്ച് എട്ട് മാസം പിന്നിടുമ്പോഴും ഇതിന് വേഗമില്ലാത്തതാണ് തിരിച്ചടിയാകുന്നത്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണിത് ഇതുവഴി യാത്രചെയ്യുന്നത്. ഇരുവശത്തുമായി നടക്കുന്ന കാനനിർമാണം ഗതാഗതക്കുരുക്കും അപകടങ്ങളും സൃഷ്ടിക്കുകയാണ്. ദേശീയപാതയോരത്തെ പുറമ്പോക്ക് ഏറ്റെടുത്ത് കാനനിർമിക്കുമെന്നായിരുന്നു ആദ്യഘട്ടത്തിലെ പ്രഖ്യാപനമെങ്കിലും ഇത് നടപ്പായില്ല. ഇതോടെ നിലവിലെ റോഡിന്റെ വശങ്ങളിൽനിന്നുമാണ് കാന നിർമാണം. ഇത് റോഡിന്റെ വീതികുറക്കുന്നുണ്ട്. പുറമെ പലപ്പോഴും ഒറ്റവരി ഗതാഗതമാണ് സാധ്യമാകുന്നത്. ഇതാണ് പകൽ ഗതാഗതക്കുരുക്കിന് കാരണം.
വില്ലനായി കാലവർഷം
● നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് കാലവർഷം സജീവമായത്. ഇത് സുഗമമായ പ്രവർത്തനത്തെ ബാധിച്ചു. കാനകളിൽ വെള്ളം നിറഞ്ഞതും പലയിടത്തും മണ്ണുവീണ് നികന്നതും പ്രവർത്തനങ്ങളുടെ വേഗം കുറച്ചു.125 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാതയിൽ 185 കിലോമീറ്ററിലാണ് കാനനിർമിക്കുന്നത്. നേര്യമംഗലം മുതൽ തിരുവാങ്കുളം വരെയാണ് പ്രവൃത്തികൾ നടക്കുന്നത്. ഇവിടങ്ങളിലെ കൊടുംവളവുകളിലടക്കം നടക്കുന്ന നിർമാണം അപകടഭീതിയുമുയർത്തുകയാണ്. അപകട മുന്നറിയിപ്പ് സംവിധാനം ഒരുക്കാതെയാണ് പ്രവൃത്തികൾ. ഇതുമൂലം വാഹനങ്ങൾ കാനകളിൽ വീണുണ്ടാകുന്ന അപകടങ്ങളും കുറവല്ല. മരണങ്ങളും സംഭവിച്ചിരുന്നു.
1073 കോടിയുടെ പദ്ധതി; മുഖച്ഛായ മാറുമെന്ന് പ്രഖ്യാപനം
● 1073.8 കോടിയാണ് പാത നവീകരണത്തിന് ദേശീയപാത അതോറിറ്റി ചെലവഴിക്കുന്നത്. 10 മീറ്റർ വീതി ഉറപ്പാക്കുമെന്നാണ് പ്രഖ്യാപനം. നേര്യമംഗലത്ത് പുതിയ പാലം നിർമിക്കുന്നതോടൊപ്പം ഒമ്പത് പാലം വീതികൂട്ടുന്നതും പദ്ധതിയിലുണ്ട്. 90 കിലോമീറ്റർ ദൈർഘ്യത്തിൽ വിവിധ ഇടങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കും. റോഡിന്റെ ഇരുവശത്തും മനോഹരമാക്കി അപകട മുന്നറിയിപ്പ് സംവിധാനങ്ങളും ദിശാ സൂചികകളും റിഫ്ലക്ടറും സ്ഥാപിക്കും. രണ്ട് വർഷംകൊണ്ട് നവീകരണം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട പദ്ധതിയിൽ ഒരു വർഷമെത്താൻ ഏതാനും മാസങ്ങൾ മാത്രമാണുളളത്. അതുകൊണ്ട് തന്നെ നിർദിഷ്ട സമയപരിധിക്കുളളിൽ പ്രവൃത്തികൾ പൂർത്തിയാകുമോയെന്നതും സംശയകരമാണ്. അങ്ങനെയെങ്കിൽ യാത്രക്കാരുടെ ദുരിതവും നീളും.