കൊച്ചി: വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടും തൊഴിൽ വൈദഗ്ധ്യമില്ലാത്തതാണ് മികച്ച ജോലികളിൽ നിന്ന് പലപ്പോഴും യുവജനങ്ങൾ പിന്തള്ളപ്പെടുന്നതിന് കാരണം.
ഇത് ഒഴിവാക്കാൻ വിപുല പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് വിദ്യാഭ്യാസ വകുപ്പ്. സർവ ശിക്ഷ കേരളയുടെ (എസ്.എസ്.കെ) നേതൃത്വത്തിൽ ആരംഭിച്ച സ്കിൽ ഡെവലപ്മൻറ് സെൻററിലൂടെ ആറ് മാസത്തെ തൊഴിൽ പരിശീലനം നൽകുന്നതാണ് പദ്ധതി.
ശനി, ഞായർ ദിവസങ്ങളിലും വിവിധ അവധി ദിനങ്ങളിലുമാണ് ക്ലാസുകൾ. അഭിരുചിക്കും ഭാവി തൊഴിൽ സാധ്യതക്കും ഗുണകരമാകുന്ന വൈദഗ്ധ്യം നൽകുക, ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ പരിശീലനം ലഭിക്കാത്ത കുട്ടികൾക്ക് അതിനുള്ള അവസരമുണ്ടാക്കുക, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഉപജീവനം ഉറപ്പാക്കുന്നതിന് ആവശ്യമായ നൈപുണ്യപരിശീലനം ലഭ്യമാക്കുക, കുട്ടികൾക്ക് സ്വയം സംരംഭകത്വത്തിനുള്ള ധാരണയും അനുഭവങ്ങളും അവസരങ്ങളും നൽകുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ. പദ്ധതിക്ക് മികച്ച പ്രതികരണമാണ് ജില്ലയിൽ ലഭിച്ചതെന്ന് എസ്.എസ്.കെ ജില്ല പ്രോഗ്രാം ഓഫിസർ എം. ജോസഫ് വർഗീസ് പറഞ്ഞു.
കൂടുതൽ സ്കിൽ ഡെവലപ്െമന്റ് സെന്ററുകൾ
ജില്ലയിൽ കളമശ്ശേരി ജി.വി.എച്ച്.എസ്.എസിലാണ് നിലവിലെ പരിശീലന കേന്ദ്രം. ഡ്രോൺ ടെക്നീഷ്യൻ, വെയർ ഹൗസ് അസോസിയേറ്റ് കോഴ്സുകളിലായി 25 വീതം വിദ്യാർഥികളാണ് ആദ്യബാച്ചിലുള്ളത്.
നവംബറോടെ ജില്ലയിലെ 15 കേന്ദ്രങ്ങളിലേക്ക് പദ്ധതിയെത്തും. ഹൈഡ്രോപോണിക്സ് ടെക്നീഷ്യൻ, സർവിസ് ആൻഡ് മെയിൻറനൻസ് ടെക്നീഷ്യൻ ഫാം മെഷീനറി, കോസ്മെറ്റോളജിസ്റ്റ്, ജി.എസ്.ടി അസിസ്റ്റൻറ്, അസി. റോബോട്ടിക്സ് ടെക്നീഷ്യൻ, മൊബൈൽ ഫോൺ ഹാർഡ്വെയർ റിപ്പയർ ടെക്നീഷ്യൻ, സി.സിടി.വി ഇൻസ്റ്റലേഷൻ ടെക്നീഷ്യൻ, ബേക്കിങ് ടെക്നീഷ്യൻ ഓപറേറ്റിവ്, ജുവലറി ഡിസൈനർ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ബേസിക് തുടങ്ങിയ 29 ഓളം കോഴ്സുകളാണ് സംസ്ഥാന തലത്തിൽ വിഭാവനം ചെയ്തിട്ടുള്ളത്. ഇവയിൽ നിരവധി കോഴ്സുകൾ ജില്ലയിലേക്കുമെത്തും.
പ്രവേശനം ആർക്കൊക്കെ?
പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള 23 വയസ്സിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പഠനം മതിയാക്കിയ കുട്ടികൾ, ആദിവാസി മേഖലയിലെ കുട്ടികൾ, സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്ത് ഓപൺ സ്കൂൾ വഴി പഠിക്കുന്നവർ, ഭിന്നശേഷികുട്ടികൾ ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ പഠിക്കുന്നവരും പഠനം പൂർത്തിയാക്കിയവർ എന്നിവർ അപേക്ഷിക്കാൻ യോഗ്യരാണ്. ഭിന്നശേഷി കുട്ടികൾക്ക് ഉയർന്ന പ്രായപരിധിയിൽ പരമാവധി അഞ്ച് വർഷം വരെയും പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളിലുള്ളവർക്ക് രണ്ട് വർഷം വരെയും ഇളവുണ്ട്.
തെരഞ്ഞെടുപ്പ് ഇങ്ങനെ
വിജ്ഞാപനം പുറത്തുവരുമ്പോൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ അതത് സെൻററുകൾ വഴി സ്വീകരിക്കും. അപേക്ഷയുടെ അടിസ്ഥാനത്തിലുള്ള സ്കോർ, അഭിമുഖത്തിൽ ലഭിക്കുന്ന സ്കോർ എന്നിവ പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയാറാക്കി മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർഥികളെ തെരഞ്ഞെടുക്കും.
നവംബറോടെ യാഥാർഥ്യമാകുന്ന സ്കിൽ ഡെവലപ്മെൻറ് സെന്ററുകൾ
ബി.ആർ.സി, സ്കൂളിന്റെ പേര്
1. ആലുവ-ജി.വി.എച്ച്.എസ്.എസ് കളമശ്ശേരി (നിലവിൽ പ്രവർത്തിച്ചുവരുന്നു)
2. അങ്കമാലി-എം.ജി.എം.എച്ച്.എസ്.എസ്, നായത്തോട്
3. എറണാകുളം-എസ്.ആർ.വി.വി.എച്ച്.എസ്.എസ്, എറണാകുളം
4. കൂത്താട്ടുകുളം-ജി.വി.എച്ച്.എസ്.എസ് തിരുമാറാടി
5. കൂത്താട്ടുകുളം-ജി.വി.എച്ച്.എസ്.എസ് ഈസ്റ്റ് മാറാടി
6. കോലഞ്ചേരി-ജി.വി.എച്ച്.എസ്.എസ്, അമ്പലമുഗൾ
7. കോതമംഗലം-ജി.വി.എച്ച്.എസ്.എസ് മാതിരപ്പള്ളി
8. കൂവപ്പടി-ജി.വി.എച്ച്.എസ്.എസ് ഓടക്കാലി
9. മട്ടാഞ്ചേരി-ഇ.എം.ജി.എച്ച്.എസ്.എസ് ഫോർട്ടുകൊച്ചി
10. മൂവാറ്റുപുഴ-ജി.വി.എച്ച്.എസ്.എസ് മൂവാറ്റുപുഴ
11. നോർത്ത് പറവൂർ-ജി.വി.എച്ച്.എസ്.എസ് കൈതാരം, നോർത്ത് പറവൂർ
12. പെരുമ്പാവൂർ-ജി.വി.എച്ച്.എസ്.എസ് ഇരിങ്ങോൾ
13. പിറവം-ജി.വി.എച്ച്.എസ്.എസ് മണീട്
14. തൃപ്പൂണിത്തുറ-ജി.വി.എച്ച്.എസ്.എസ് തൃപ്പൂണിത്തുറ
15. വൈപ്പിൻ-ജി.വി.എച്ച്.എസ്.എസ് ഞാറക്കൽ