പറവൂർ: നിർദിഷ്ട ദേശീയപാത 66ൽ പട്ടണം കവലയിൽ അടിപ്പാത നിർമിക്കുക, നിർമാണത്തിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ഹർത്താലും ദേശീയപാത ഉപരോധവും സംഘടിപ്പിച്ചു. പട്ടണം എസ്.എൻ.ഡി.പി ക്ഷേത്ര പരിസരത്തുനിന്ന് പ്രകടനമായി ചിറ്റാറ്റുകര കവല, മുനമ്പം കവല വഴി പട്ടണം കവലയിലെത്തിയാണ് ഗതാഗതം തടഞ്ഞത്. പ്രകടനത്തിലും റോഡ് ഉപരോധത്തിലും സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തിലേറെ പേർ പങ്കെടുത്തു.
ഉപരോധം മുൻ എം.പി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ കെ.വി. അനന്തൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി കെ.എം. ദിനകരൻ, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഫ്രാൻസിസ് വലിയപറമ്പിൽ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് കെ.എച്ച്. സദഖത്ത്, മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ. അബ്ദുല്ല, കോൺഗ്രസ് ചിറ്റാറ്റുകര മണ്ഡലം പ്രസിഡന്റ് പി.എം. സുദർശനൻ എന്നിവർ സംസാരിച്ചു. എൻ.എം. പിയേഴ്സൺ സമാപന സന്ദേശം നൽകി. സമര സമിതി ജനറൽ കൺവീനർ എം.എ. റഷീദ് സ്വാഗതവും രാജൻ നന്ദിയും പറഞ്ഞു. സജിത്ത്, കൃഷ്ണൻ, അപ്പു, ഷിബു, സെയ്ദു, മനോജ്, ഗിരിജ രാജു, ലീന രാജേന്ദ്രൻ, വേണു, ഗോപി, ജമാലുദ്ദീൻ, യൂനസ്, അബ്ദുൾ മജീദ്, അബ്ദുൾ ഹമീദ്, ദിലീപ്, ഷനൂപ് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രദേശത്തെ നാല് വാർഡുകളിലെ 32,000ൽപരം ജനങ്ങളുടെ സഞ്ചാരത്തെയും നാടിന്റെ വികസനത്തെയും അധികൃതർ തടസ്സപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് ഹർത്താലും ദേശീയപാത ഉപരോധവും നടന്നത്. പാത പൂർത്തിയാകുന്നതോടെ പട്ടണം പുഴക്കരേടത്ത് ഭാഗത്തേക്കുള്ള ബസ് സർവിസ് നിലക്കും. നൂറുകണക്കിന് മത്സ്യത്തൊഴിലാളികളും വിദ്യാർഥികളും യാത്രാദുരിതത്തിലാകും. പട്ടണം കവലയിലെ ഓട്ടോ സ്റ്റാൻഡ് ഇല്ലാതാകും. അത്യാഹിതം സംഭവിച്ചാൽ ഫയർഫോഴ്സിനോ ആംബുലൻസിനോ സ്ഥലത്ത് എത്തിപ്പെടാൻ കഴിയില്ല. പട്ടണത്തെ ചെറുകിട വ്യവസായശാലകൾ അടച്ചുപൂട്ടേണ്ടി വരുമെന്നുമാണ് നാട്ടുകാരുടെ ആശങ്ക.