കൊച്ചി: ജില്ലയിൽ ലഹരി മാഫിയയുടെ അടിവേരറുക്കാനുള്ള എക്സൈസ് വകുപ്പിന്റെ ശ്രമങ്ങളിൽ ആറുമാസത്തിനിടെ അകത്തായത് 1000ത്തിലേറെ പേർ. അബ്കാരി, എൻ.ഡി.പി.എസ് നിയമങ്ങൾ പ്രകാരം 2024 ജനുവരി മുതൽ ജൂൺ വരെ 1049 പേരാണ്. ഇതിൽ 625 പേർ മദ്യവുമായി ബന്ധപ്പെട്ട അബ്കാരി കേസിലും 424 പേർ ലഹരിയുമായി ബന്ധപ്പെട്ട എൻ.ഡി.പി.എസ്(നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈകോട്രോപിക് സബ്സ്റ്റൻസസ്) കേസിലുമായാണ് അറസ്റ്റിലായത്. പൊലീസിന്റെ അറസ്റ്റ് കൂടാതെയാണിത്.
കേസുകൾ 5000ത്തിലേറെ
കഴിഞ്ഞ ജനുവരി മുതൽ ജൂൺ വരെ ജില്ലയിൽ എക്സൈസ് വകുപ്പ് എടുത്ത കേസ് 5182 ആണ്. ഇതിൽ കോട്പ (സിഗററ്റ് ആൻഡ് അദർ ടുബാകോ പ്രോഡക്ട്സ് ആക്ട്) പ്രകാരമുള്ള കേസുകളാണ് നല്ലൊരു പങ്കും. 657 അബ്കാരി കേസും 436 എൻ.ഡി.പി.എസ് കേസും രജിസ്റ്റർ ചെയ്തിടത്ത് കോട്പ പ്രകാരമെടുത്തത് 4089 കേസുകളാണ്. കോട്പ പിഴയിനത്തിലും ലക്ഷങ്ങൾ എക്സൈസ് വകുപ്പ് സർക്കാർ ഖജനാവിലേക്കെത്തിച്ചിട്ടുണ്ട്.
ഒഴുകുന്നു, ന്യൂജെൻ ലഹരികൾ
എം.ഡി.എം.എ ഉൾപ്പെടെ ന്യൂജെൻ ലഹരി മരുന്നുകളാണ് പിടികൂടുന്നതിൽ ഏറെയും. ആറുമാസത്തിനിടെ 231 ഗ്രാം എം.ഡി.എം.എയാണ് ജില്ലയിൽനിന്ന് മാത്രം എക്സൈസ് വകുപ്പ് പിടികൂടിയത്.
ഇത്തരത്തിലുള്ള മയക്കുമരുന്ന് 20 ഗ്രാമിൽ അധികം കൈവശംവെക്കുന്നത് 10 വർഷം കഠിന തടവിനും ഒരുലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പിഴയും തൊണ്ടിയും ലക്ഷങ്ങൾ
എക്സൈസ് കേസുകളിൽ പിഴയും തൊണ്ടിമുതലും ഇനത്തിൽ ലക്ഷങ്ങളാണ് ലഭിക്കുന്നത്. ആറുമാസത്തിൽ പത്തു ലക്ഷത്തോളം രൂപ ഈയിനത്തിൽ സർക്കാറിനു ലഭിച്ചു. കോട്പ പിഴയാണ് ഇതിൽ മുഖ്യം. 8,16,401 രൂപ പിഴയിനത്തിൽ മാത്രം ലഭിച്ചപ്പോൾ 1.70 ലക്ഷം രൂപ തൊണ്ടി തുകയായി കിട്ടി.