കൊച്ചി: ഇന്ന് ചിങ്ങം-1. സമൃദ്ധിയുടെ ഗതകാല സ്മരണകളുയർത്തി നാടെങ്ങും കർഷക ദിനാചരണങ്ങൾക്കൊരുക്കം പൂർത്തിയായി. കൃഷി വകുപ്പിന്റെയും വിവിധ സാമൂഹിക-സാംസ്കാരിക-സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടികൾ. ജില്ലയിലെ വിവിധ കൃഷി ഭവനുകൾ കേന്ദ്രീകരിച്ച് മികച്ച കർഷകരെ ആദരിക്കൽ, വിള പ്രദർശനങ്ങൾ, സെമിനാറുകൾ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളാണ് നടക്കുന്നത്. ചിങ്ങത്തിനൊപ്പം തിരുവോണത്തെ വരവേൽക്കാനുളള ഒരുക്കങ്ങളും തുടങ്ങുകയായി.
കൃഷിക്ക് പ്രായം ഒരു വിഷയമേയല്ലെന്ന് ഹൈദ്രോസ്
ചെങ്ങമനാട്: 75ാംവയസ്സിലും കൃഷി കൈവിടാത്ത പരമ്പരാഗത കർഷകനാണ് പനയക്കടവ് പീടികപ്പറമ്പിൽ പി.കെ.ഹൈദ്രോസ്. സ്വന്തം നെൽവയലിൽ കൃഷി ചെയ്തും ചെയ്യിച്ചും വളർന്ന ഹൈദ്രോസിന് എല്ലാ കൃഷികളുമറിയാം. തറവാട്ട് വീട്ടിൽ സ്വന്തമായി കലപ്പയും പാടത്തുഴകുന്ന പോത്തുകളുമുണ്ടായിരുന്നു. യുവത്വത്തിൽ പാലിയപ്പാടത്തെ കൃഷിയിടത്തിൽ വരമ്പ് വക്കാനും ഉഴുതുമറിക്കാനും ഹൈദ്രോസായിരുന്നു നേതൃത്വം നൽകിയിരുന്നത്. വയലുകൾ ഇഷ്ടിക കളങ്ങളായി മാറിയതോടെ നെൽ കൃഷി അന്യമായി. അതോടെ ഇഷ്ടിക കളങ്ങളിലെ ജോലിയിലേക്ക് മാറി. അക്കാലത്തെ അറിയപ്പെടുന്ന ചൂളക്കാരനായിരുന്നു ഇദ്ദേഹം. ഏറെക്കാലം ഇത് തുടർന്നു. അതിനിടെ 1982ൽ സൗദിയിലേക്ക് പോയി. 10 വർഷത്തിലേറെ അവിടെ നിർമാണ കമ്പനിയിൽ ജോലി ചെയ്തു. നാട്ടിലെത്തിയ ശേഷം തെങ്ങ്, വാഴ, കവുങ്ങ്, ജാതി തുടങ്ങിയ കൃഷികളിൽ വാപൃതനായി. ഇപ്പോൾ വീട്ടു വളപ്പിലെ വാഴയും വീടിനടുത്തുള്ള സ്വന്തം പറമ്പിൽ ജാതിയുമാണ് കൃഷിയുള്ളത്. ഏറെ ക്ലേശത്തോടെ പണിയെടുത്തിട്ടും നഷ്ടത്തിലായതോടെ കാര്യമായ തോതിൽ വാഴ കൃഷിയില്ല. ജാതി കൃഷിയിലാണിപ്പോൾ കൂടുതൽ ശ്രദ്ധ. അടുത്തിടെ സ്കൂട്ടറിൽ നിന്ന് വീണ് കാലിന് പരിക്കേറ്റതോടെ പണ്ടത്തെപ്പോലെ കൂടുതൽ സമയം കൃഷിയിടത്തിൽ ജോലി ചെയ്യാനാകുന്നില്ലെങ്കിലും കൃഷി പരിപാലനം മുടക്കാറില്ല. തടമെടുക്കൽ, വളം ഇടൽ, നന തുടങ്ങിയവയൊക്കെയായി അധിക സമയവും കൃഷിയിടത്തിലായിരിക്കും. കൃഷിയിലൂടെയുള്ള ചെറിയ വരുമാനമാണ് നിത്യജീവിതത്തിനുള്ള ഏക മാർഗം.
പ്രവാസം മതിയാക്കി; കൃഷി ജീവിതമാക്കി ശ്രീജേഷ്
ആലുവ: പ്രവാസജീവിതം ഉപേക്ഷിച്ച് പൂർണമായും കൃഷിയിൽ സജീവമായിരിക്കുകയാണ് യുവകർഷകനായ കുട്ടമശ്ശേരി അമ്പലപ്പറമ്പ് കണ്ണ്യാമ്പിള്ളി വീട്ടിൽ ശ്രീജേഷ്. ചെറുപ്പം മുതൽ കൃഷിയിൽ തൽപരനായിരുന്ന ശ്രീജേഷ് പ്രവാസം അവസാനിപ്പിച്ച ശേഷം കൃഷിയിലേക്ക് തിരിയുകയായിരുന്നു.
കഴിഞ്ഞവർഷം പിതൃസഹോദരൻ കുശനുമായി ചേർന്ന് വർഷങ്ങളായി തരിശായിരുന്ന തുമ്പിച്ചാലിനോട് ചേർന്ന 20 ഏക്കറിൽ നെൽകൃഷി ചെയ്തു. നൂറുമേനി വിളവാണ് ലഭിച്ചത്.
മികച്ച യുവകർഷകൻ എന്ന നിലയിൽ മണിച്ചോളം കൃഷിചെയ്യാൻ കീഴ്മാട് കൃഷിഭവൻ പ്രോത്സാഹനം നൽകിയിരുന്നു. ചാലക്കൽ പാടത്ത് ഒരേക്കറിൽ ഇടവിളകളായി കപ്പയും മണിച്ചോളവും കൃഷി ചെയ്തിരിക്കുകയാണ്. വിവിധ സ്ഥലങ്ങളിൽ പാട്ട ഭൂമിയിൽ ഏത്തവാഴകളും കപ്പയും കൃഷി ചെയ്തിട്ടുണ്ട്. ഓണത്തിന് കൂടുതൽ ആവശ്യക്കാരുള്ള മഞ്ഞ, ഓറഞ്ച് ബന്ദിപ്പൂക്കളും ചുവപ്പ്, വയലറ്റ് വാടാർ മല്ലിയും ഒരു ഏക്കറിൽ കൃഷി ചെയ്യുന്നുണ്ട്. ചെടികളെല്ലാം മൊട്ടിട്ട് കഴിഞ്ഞു. അച്ഛൻ മോഹന്റെയും കുടുംബശ്രീ പ്രവർത്തക കൂടിയായ ഭാര്യ ശ്രുതിയുടെയും സഹായവുമുണ്ട്.
ശേഖരൻ തിരക്കിലാണ്, പച്ചക്കറിത്തോട്ടത്തിൽ
മൂവാറ്റുപുഴ: പച്ചക്കറി കൃഷിയിൽ വിജയംവരിച്ച സംസ്ഥാനത്തെ ആദ്യപച്ചക്കറി കർഷക അവാർഡ് ജേതാവാണ് ശേഖരൻ. കൃഷിയെ നെഞ്ചിലേറ്റിയ പേഴക്കാപ്പിളളി തട്ടായത്ത് വീട്ടിൽ ശേഖരനാണ് പച്ചക്കറികൃഷിയിൽ വർഷങ്ങളായി വീരഗാഥ രചിച്ച് മുന്നേറുന്നത്. പായിപ്രയിലും പരിസര പ്രദേശങ്ങളിലും സ്ഥലം പാട്ടത്തിനെടുത്താണ് പച്ചക്കറി, വാഴ കൃഷികൾ നടത്തുന്നത്. കിട്ടുന്ന ഭൂമിയെല്ലാം ഇദ്ദേഹം കൃഷിക്കായി ഉപയോഗപ്പെടുത്തും. യന്ത്ര സഹായം ഇല്ലാതെ മൺ കൂന കൂട്ടി അതിലാണ് വിത്ത് പാകുന്നത്. വർഷത്തിൽ 365 ദിവസവും കൃഷിയുടെ പിറകെയാണ്. പായിപ്ര, മൂവാറ്റുപുഴ തുടങ്ങി എല്ലായിടത്തും ഉത്സവ സീസണുകളിൽ സർക്കാർ ചന്തകളിലേക്ക് പച്ചക്കറി നൽകുന്നതും ശേഖരനാണ്. പച്ചക്കറിക്കുപുറമെ വാഴയും നെല്ലും കൃഷിചെയ്യുന്നുണ്ട്.
നിലവിൽ പടവലവും ചുരക്കയും എന്നുവേണ്ട എല്ലാതരം പച്ചകറിയുമുണ്ട്. കീടനാശിനികൾ ഉപയോഗിക്കാതെ ഫിറമോൺ കെണികളും ട്രൈകോ കാർഡുകളുമാണ് കീട നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. പായിപ്ര കൃഷിഭവനിൽ നിന്ന് എല്ലാവിധ സഹായങ്ങളും ലഭിക്കുന്നുണ്ട്.
കൗതുകം നിറച്ച് സാനിയുടെ കൃഷിത്തോട്ടം
കോതമംഗലം: കൗതുക കാഴ്ച്കളാണ് പൈങ്ങോട്ടൂരിലെ ഈ കൃഷിയിടത്തിൽ. ചക്കക്കുള്ളിൽ പ്ലാവിൻ തൈ കിളിർത്ത് നിൽക്കുക. ഇരട്ട ചൊട്ടയിടുന്ന തെങ്ങ്, ഇരട്ട കൈകളോടു കൂടിയ കമുകിൻ പാള തുടങ്ങിയ കാഴ്ച്കളാണ് ചാത്തമറ്റം തൃപ്പള്ളി കവലക്ക് സമീപം കരോട്ടെ മാളിയേക്കൽ സാനിയുടെ പുരയിടത്തിലുളളത്. കഴിഞ്ഞ ദിവസം ചക്ക പറിക്കാൻ പ്ലാവിൽ കയറാൻ തയാറെടുക്കുമ്പോഴാണ് ചക്കക്ക് പുറത്തേക്ക് തൈ കിളിർത്തു നിൽക്കുന്നത് സാനിയുടെ ശ്രദ്ധയിൽപ്പെടുന്നത്. ചക്കക്കുള്ളിൽ കുരു മുളപ്പൊട്ടുന്നത് സാധാരണമാണെങ്കിലും പുറംതോടിന് പുറത്തേക്ക് കിളിർത്ത് വരുന്നത് അപൂർവമാണ്. ഒറ്റ തടി വൃക്ഷമായ തെങ്ങിൽ ഒരു മടലിനുള്ളിൽ ഒറ്റ ചൊട്ടയിടുകയാണ് സാധാരണം. എന്നാൽ ഇവിടെ തെങ്ങ് ഇരട്ട ചൊട്ടയിട്ടിരിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് ഇരട്ട കൈകളോടുകൂടിയ കമുകിൻ പാളയും ഈ കൃഷിയിടത്തിൽ നിന്ന് ലഭിച്ചു. സാനി ജൈവ കൃഷി രീതിക്ക് പ്രമുഖ്യം നൽകിയാണ് രണ്ടേകാൽ ഏക്കർ കൃഷിയിടം പരിപാലിക്കുന്നത്. റബർ, വാഴ, കൊക്കോ, തെങ്ങ്, ജാതി, കമുക്, ഇഞ്ചി,മഞ്ഞൾ തുടങ്ങിയവയാണ് പ്രധാന കൃഷികൾ.