അങ്കമാലി: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിനെത്തുടർന്ന് അങ്കമാലി പട്ടണത്തിൽ സ്വകാര്യ ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ വൺവേസംവിധാനം ഒഴിവാക്കി സർവിസ് ആരംഭിച്ചു. വ്യാഴാഴ്ച മുതൽ ഒരാഴ്ചയാണ് ഇത്തരത്തിൽ സർവിസ് നടത്തുക. എം.സി റോഡിൽ കാലടി ഭാഗത്ത് നിന്ന് വരുന്ന ബസുകൾ എൽ.എഫ് ആശുപത്രിയുടെ മുൻഭാഗത്ത് നിന്ന് നേരെ കപ്പേള വഴി ദേശീയപാതയിലെത്തി ബസ് സ്റ്റാൻഡിലേക്ക് പോകണം. രാവിലെ ഒമ്പത് മുതൽ 10.30 വരെയും വൈകീട്ട് നാല് മുതൽ 5.30 വരെയും ഒഴികെയുള്ള സമയത്തായിരിക്കും ട്രയൽ റൺ. സ്വകാര്യ ബസുകളുടെ തിരക്ക് കുറക്കുന്നതിനും റണ്ണിങ് ടൈം സംബന്ധിച്ച പരാതികൾ തീർപ്പാക്കുന്നതിനുമാണ് പരീക്ഷണാടിസ്ഥാനത്തിൽ സർവിസ് ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം 27ന് ഇത്തരത്തിൽ ട്രയൽ റൺ നടത്തിയിരുന്നു.
മേഖലയിലെ സ്വകാര്യ ബസ് ഡ്രൈവറാണ് കൂടുതൽ ദൂരം ബസ് ഓടിക്കുന്നതിലെ വിഷമതകൾ ചൂണ്ടിക്കാട്ടി കമീഷനെ സമീപിച്ചത്. മേഖലയിലെ സ്വകാര്യ ബസുകളുടെ സമയക്രമം നിശ്ചയിച്ചപ്പോൾ അന്ന് മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഉണ്ടായിരുന്നില്ല. എന്നാലിപ്പോൾ രണ്ടര കിലോമീറ്ററോളം ദൂരം ബസ് അധികമായി ഓടിക്കേണ്ടി വരുന്നുവെന്നായിരുന്നു കമീഷനിൽ ഡ്രൈവർ നൽകിയ പരാതി.
അതേ സമയം എം.സി റോഡ് വഴി വരുന്ന ബസുകൾ എൽ.എഫ് കവലയിൽ നിന്ന് ക്യാമ്പ് ഷെഡ് വഴി പോകാതെ നേരെ ദേശീയപാതയിലേക്ക് പോവുകയാണ്. അതിനാൽ ഒരാഴ്ചക്കാലം ടി.ബി ജങ്ഷനിലേക്കും മിനി സിവിൽ സ്റ്റേഷനിലെ വിവിധ സർക്കാർ ഓഫിസുകളിലേക്കും പോകുന്നവർക്ക് ദുരിതമായിരിക്കും.