പള്ളിക്കര/കൊച്ചി: പ്രതീക്ഷ, പ്രാർഥന, ഉറച്ച വിശ്വാസം… പാരിസ് ഒളിമ്പിക്സിൽ ഹോക്കിയിൽ സ്പെയിനിനെതിരെ ഇന്ത്യയുടെ ലൂസേഴ്സ് ഫൈനൽ മത്സരം കടുക്കുമ്പോൾ എറണാകുളം പള്ളിക്കര എരുമേലിയിലെ പി.ആർ. ശ്രീജേഷിന്റെ പാറാട്ട് വീട്ടിലെ ടി.വിക്കുമുന്നിൽ ഒത്തുചേർന്നവരുടെ ഹൃദയത്തിൽ നിറഞ്ഞു നിന്നത് ഈ വികാരങ്ങളായിരുന്നു.
ഒടുവിൽ ഇന്ത്യയുടെ പ്രതീക്ഷകൾ പൂവണിയിച്ചുകൊണ്ട് അവസാന വിസിൽ മുഴങ്ങിയതോടെ ആരവമുയർന്നു. പിന്നാലെ വീട്ടുമുറ്റത്ത് പൂത്തിരിയുടെയും പടക്കത്തിന്റെയും ശബ്ദ-വർണക്കാഴ്ചകളുയർന്നു. ഒപ്പം അയൽക്കാരും നാട്ടുകാരും സുഹൃത്തുക്കളും മാധ്യമപ്രവർത്തകരുമായി വീട്ടിലെത്തിയവർക്കെല്ലാം മധുരം നൽകി കുടുംബാംഗങ്ങൾ തങ്ങളുടെ സന്തോഷം മധുരിതമാക്കി.
ശ്രീജേഷിന്റെയും ടീമിന്റെയും വിജയമറിഞ്ഞതോടെ വീട്ടിലൊന്നാകെ ഉത്സവ മേളമായിരുന്നു. കളി കഴിഞ്ഞ് തിരക്കിനൊടുവിൽ ശ്രീജേഷ് വിഡിയോ കോൾ ചെയ്ത് സന്തോഷം പങ്കുവെക്കുകയും ചെയ്തു.
ബന്ധുക്കളും കുടുംബാംഗങ്ങളും ഒരുമിച്ചിരുന്ന് കൈയിൽ ദേശീയ പതാകയേന്തിയാണ് ടി.വിയിൽ കളി കണ്ടത്. താരത്തിന്റെ കാനഡയിലുണ്ടായിരുന്ന സഹോദരൻ ശ്രീജിത്തും കുടുംബസമേതം അവസാന മത്സരം കാണാൻ വീട്ടിലെത്തിയിരുന്നു. പാരീസിൽ നേരിട്ടുപോകാനായിരുന്നു പ്ലാനെങ്കിലും ശ്രീജേഷിന്റെ നിർദേശമനുസരിച്ച് വീട്ടിലേക്ക് വരികയായിരുന്നു ഇദ്ദേഹം.
തുടക്കത്തിൽ സ്പെയിൻ ഗോളടിച്ചത് വീട്ടുകാരിൽ അൽപ്പം അങ്കലാപ്പ് സൃഷ്ടിച്ചെങ്കിലും രണ്ടാം പകുതിയിൽ ഇന്ത്യ രണ്ട് ഗോളടിച്ചതും സ്പെയിന്റെ പെനാൽറ്റി ശ്രീജേഷിന് തടുക്കാനായതും കുടുംബാംഗങ്ങളുടെ ആത്മവിശ്വാസം ഇരട്ടിയാക്കി. ഒരു ഗോളടിച്ചപ്പോൾ തന്നെ ടി.വിക്കു മുന്നിൽ ഇരിപ്പുറക്കാതെ അമ്മ ഉഷകുമാരി മകൻ വിജയിച്ചതറിഞ്ഞപ്പോൾ ആനന്ദക്കണ്ണീരണിഞ്ഞു.