കളമശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 50കാരന് വിവിധ വകുപ്പുകളിലായി 46 വര്‍ഷം കഠിനതടവും 4.2 ലക്ഷം രൂപ പിഴയും ശിക്ഷ.
ആലുവ അതിവേഗ സ്പെഷല്‍ കോടതി സ്പെഷല്‍ ജഡ്ജി ഷിബു ഡാനിയേലാണ് ശിക്ഷ വിധിച്ചത്. 2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി 16 കാരിയായ മകളെ നിരവധി തവണ വിവിധയിടങ്ങളില്‍വെച്ച് മദ്യവും ലഹരിപദാര്‍ഥങ്ങളും നല്കി ലൈംഗികാതിക്രമത്തിന് വിധേയമാക്കി എന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും ബാലനീതി നിയമത്തിലെയും ഒന്നിലധികം വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
കേസിൽ പ്രോസിക്യൂഷന് 23 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകൾ തെളിവായി ആശ്രയിക്കുകയും ചെയ്തു. കളമശ്ശേരി പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ആയിരുന്ന പി.ആർ. സന്തോഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.