കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടിന് കാരണമാകുന്ന കനാലുകളും കാനകളും ശുചീകരിച്ചെന്ന് കലക്ടർ അധ്യക്ഷനായ വിദഗ്ധ സമിതി ഉറപ്പു വരുത്തണമെന്ന് ഹൈകോടതി. മുല്ലശേരി കനാലിലെ ഒഴുക്ക് തടസപ്പെടാതിരിക്കാനുള്ള സൗകര്യ ഒരുക്കണം. വെള്ളക്കെട്ട് സാധ്യത വർധിച്ചയിടങ്ങളിൽ നിവാരണപ്രവർത്തനങ്ങൾ തിങ്കളാഴ്ചക്കകം കോർപറേഷൻ പൂർത്തിയാക്കിയെന്ന് കലക്ടർ ഉറപ്പു വരുത്തണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം തേടുന്ന ഹരജികളിലാണ് നിർദേശം. കേടായ സക്കർ കം സക്ഷൻ മെഷീന് പകരം മറ്റൊന്ന് ലഭിച്ചതായി കോർപറേഷൻ കോടതിയ അറിയിച്ചു.
സ്ഥിരം വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും നഗരത്തിലെ മാലിന്യങ്ങൾ നീക്കണമെന്നുമടക്കമുള്ള നിർദേശങ്ങളും കോടതി നൽകി. മാലിന്യം നീക്കം ചെയ്യാൻ ജനങ്ങളുടെ സഹായം ആവശ്യമാണ്. നഗരത്തിൽ വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങൾ കലക്ടറും കോർപറേഷൻ സെക്രട്ടറിയും അമിക്കസ് ക്യൂറിയും സന്ദർശിച്ചത് സന്തോഷകരമാണെന്നും കോടതി പറഞ്ഞു.