കാക്കനാട്: ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് തിരക്കിലേക്ക് മാറിയതോടെ കാക്കനാട് മേഖലയിൽ മണ്ണുമാഫിയ വീണ്ടും തലപൊക്കുന്നു. വന്‍ കുന്നുകള്‍ ഇടിച്ചുനിരത്തി ദിനംപ്രതി നൂറോളം ലോഡ് മണ്ണാണ് ഇവിടെനിന്ന് കയറ്റിക്കൊണ്ടു പോകുന്നത്.
വിവിധ സ്ഥലങ്ങളിൽ ഇടുങ്ങിയ റോഡിലൂടെ ടിപ്പറുകൾ നിരന്തരം പായുന്നതിനാൽ പൊടിശല്യം മൂലം നാട്ടുകാർ ദുരിതത്തിലാണ്. ഭൂവുടമകള്‍ക്ക് തുച്ഛമായ തുക നല്കി ഇടനിലക്കാര്‍ ലക്ഷങ്ങള്‍ കൊയ്യുമ്പോള്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികള്‍. വില്ലേജ്, താലൂക്ക് ഉദ്യോഗസ്ഥരാകട്ടെ തെരഞ്ഞെടുപ്പ് തിരക്കിലും.
നിയമങ്ങളുടെ പഴുതുകള്‍ മുതലാക്കിയാണ് പലയിടങ്ങളിലും മണ്ണെടുപ്പ്. വീടുനിർമാണത്തിനെന്ന പേരിലാണ് അനുമതി തേടുന്നത്. വലിയ കെട്ടിടങ്ങളുള്ളവര്‍ കുടുംബാംഗങ്ങളുടെ പേരിലേക്ക് സ്ഥലം നല്‍കിയശേഷം അവരുടെ പേരില്‍ അപേക്ഷ നല്കി അനുമതി തേടുന്ന രീതിയാണ് പലയിടങ്ങളിലും നടത്തുന്നത്. റവന്യൂ, ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ 10 സെന്റില്‍ താഴെമാത്രം സ്ഥലത്തുനിന്ന് മണ്ണെടുത്തുമാറ്റാനാണ് അനുമതി തേടുന്നത്.അപേക്ഷയനുസരിച്ച് ഈ സ്ഥലം അധികൃതര്‍ അളന്നു തിട്ടപ്പെടുത്തി അടയാളം കെട്ടിനല്‍കും. ഈ അടയാളം നില്ക്കെത്തന്നെ ഇതിന്റെ സമീപ സ്ഥലങ്ങളിലെ മണ്ണും ലോറിയില്‍ കടത്തും.
ഏക്കര്‍കണക്കിന് സ്ഥലത്തെ മണ്ണ് കടത്താനാണ് 10 സെന്റില്‍ താഴെമാത്രം സ്ഥലത്തിന്റെ പേരില്‍ അനുമതി തേടുന്നത്. ഇനി 10 സെന്റിലാണ് മണ്ണ് എടുക്കുന്നതെങ്കിൽ റോഡിൽ നിന്ന് ഭൂമിയുടെ 50 അടി താഴ്ചയിലേക്ക് കുഴിച്ച് മണ്ണെടുക്കുന്ന രീതിയാണ് കണ്ടുവരുന്നത്. ഇതുമൂലം തൊട്ടടുത്ത ഭൂമി ഉയരത്തിലായിരിക്കുകയും മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന അവസ്ഥയും ഉണ്ടാകും. ഇത് ഭാവിയിൽ ഭൂമാഫിയക്ക് മറ്റുസ്ഥലങ്ങളിലെ മണ്ണും കൈക്കലാക്കാൻ വഴിയൊരുക്കും. മണ്ണ് വില്ക്കാന് താല്പര്യമുണ്ടെന്ന് ഭൂവുടമ അറിയിച്ചാല്‍ ബാക്കി പ്രവര്‍ത്തനങ്ങളെല്ലാം ഇടനിലക്കാരന് കൈകാര്യം ചെയ്യുന്നതാണ് നിലവിലെ രീതി.