പറവൂർ: ദേശീയപാത 66ന്റെ ഭാഗമായ മൂത്തകുന്നം-കോട്ടപ്പുറം പാലത്തിന്റെ നിർമാണത്തിൽ അപാകതയുണ്ടെന്നും പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചു. നിലവിൽ നിർമിച്ച തൂണുകളുടെ കമ്പികൾ പുറത്ത് കാണുന്നുണ്ട്. ഉപ്പുവെള്ളവുമായി സമ്പർക്കത്തിൽ വരുന്ന ഇരുമ്പുകമ്പികൾ നിർമാണത്തിലെ ശോച്യാവസ്ഥക്ക് ഉദാഹരണമാണ്. നിർമാണ സാമഗ്രികളുടെ ഗുണനിലവാരത്തെക്കുറിച്ചും അന്വേഷിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. ഉപ്പുവെള്ളത്തിൽനിന്ന് ഇരുമ്പ് കമ്പികൾ സംരക്ഷിക്കാനും പാലത്തിന്റെ കോൺക്രീറ്റ് പാളികൾ ബലപ്പെടുത്താനും നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.