കാക്കനാട്: കലക്ടറേറ്റിലെ ജി.എസ്.ടി ഓഫീസിൽ തീപിടിത്തം. ഞായറാഴ്ച രാവിലെ 11നാണ് സംഭവം. യു.പി.എസ്.സി പരീക്ഷ ഡ്യൂട്ടിക്ക് കലക്ടറേറ്റിലെത്തിയ ഡ്രൈവർ ടി.എസ്. ബിജുവാണ് രണ്ടാം നിലയിലെ ജി.എസ്.ടി ഓഫിസിൽ നിന്നും പുകയുയരുന്നത് കലക്ടറേറ്റിലെ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥൻ ഷിജുമോൻ ചാക്കോയെ അറിയിച്ചത്. തുടർന്ന് തൃക്കാക്കര അഗ്നി രക്ഷാസേന കലക്ടറേറ്റിലെത്തി തീ അണക്കുകയായിരുന്നു. അവധി ദിവസമായതിനാൽ ജീവനക്കാർ ആരും ഓഫീസിൽ ഇല്ലായിരുന്നു.
തീപിടിത്തത്തെ തുടർന്ന് ഓഫീസ് മേശക്ക് മുകളിൽ സൂക്ഷിച്ചിരുന്ന ഏതാനും രേഖകളും ഫോട്ടോസ്റ്റാറ്റ് മെഷീൻ, ടേബിൾ ഫാൻ, കമ്പ്യൂട്ടർ മോണിറ്റർ എന്നിവയും പൂർണമായി കത്തി നശിച്ചു. ഭിത്തിയിൽ ഒട്ടിച്ചിരുന്ന മരത്തിന്റെ പാനലിനും തീപിടിച്ചു. ഓഫീസ് മുറിക്കുള്ളിലെ പ്ലഗ്ഗിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെഡസ്റ്റൽ ഫാനിൽ നിന്നും തീ പടരുകയായിരുന്നു.
തീപിടിത്തമുണ്ടായ ഓഫീസ് ശനിയാഴ്ച പൂട്ടി പോയപ്പോൾ പ്രധാന സ്വിച്ചുകൾ ഒന്നും ഓഫാക്കിയിരുന്നില്ലെന്ന് അഗ്നി രക്ഷാ സേനയുടെ അന്വേഷണത്തിൽ കണ്ടെത്തി. സമീപത്തെ മുറിയിലെ എ.സിയും ഓഫാക്കിയിരുന്നില്ല. അതേസമയം, മുറിയിലുണ്ടായിരുന്ന പ്രധാന കമ്പ്യൂട്ടറുകളും ഫയലുകളും സുരക്ഷിതമാണന്ന് അധികൃതർ അറിയിച്ചു. മൂന്ന് ലക്ഷം രൂപയുടെ നാശം കണക്കാക്കുന്നു. അസി. സ്റ്റേഷന് ഓഫീസര്‍മാരായ പോള്‍ ഷാജി ആന്റണി, ജിവന് ഐസക്ക്, കെ.എം. അബ്ദുള്‍ നസീര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.