അങ്കമാലി: പാറക്കടവ് പുളിയനം മില്ലുപടിയിൽ വീട്ടമ്മയെ പ്ലാസ്റ്റിക് കയർ കുരുക്കി കൊലപ്പെടുത്തിയ നിലയിൽ. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ പാറക്കടവ് പഞ്ചായത്തിലെ പുളിയനം മില്ലുപടി ഭാഗത്ത് പുന്നക്കാട്ട് വീട്ടിൽ ബാലന്‍റെ ഭാര്യ ലളിതയെയാണ് (62) വീടിനകത്തെ ഹാളിലെ സെറ്റിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കയറിന്‍റെ ഒരു വശം സെറ്റിയിൽ കെട്ടിയ നിലയിലും മറുവശം കഴുത്തിൽ കുരുങ്ങിയ നിലയിലുമായിരുന്നു. കൊല നടത്തിയതായി സംശയിക്കുന്ന ഭർത്താവ് സംഭവത്തിന് ശേഷം ഒളിവിൽ.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മകൻ മോഹിന്ദ് ജോലി കഴിഞ്ഞ് രാത്രിയിൽ വീട്ടിലെത്തിയപ്പോഴാണ് ലളിതയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കൃത്യം നടക്കുമ്പോൾ ഗർഭിണിയായ മോഹിന്ദിന്‍റെ ഭാര്യയും കുഞ്ഞും ഭാര്യ വീട്ടിലായിരുന്നു. ഓട്ടിസം ബാധിച്ച സഹോദരിയെ മുറിക്കകത്താക്കി പൂട്ടിയ നിലയിലുമായിരുന്നു.
കാലങ്ങളായി ബാലൻ അമ്മയോട് ഇഷ്ടക്കേടും വിരോധവും പ്രകടിപ്പിച്ച് വന്നിരുന്നുവെന്നും നിരന്തരം ക്രൂരമായി അക്രമിച്ചിരുന്നുവെന്നുമാണ് മോഹിന്ദ് പൊലീസിന് നൽകിയിട്ടുള്ള മൊഴി. എഫ്.ഐ.ടിയിൽ വിരമിച്ച മരപ്പണിക്കാരനായ ബാലൻ നാട്ടുകാരുമായി അടുപ്പമുണ്ടായിരുന്നില്ലത്രെ. ലളിതയുമായി പതിവായി കലഹിക്കാറുള്ളതായി സമീപവാസികളും പറയുന്നു. വല്ലപ്പോഴും മാത്രം വീട്ടിലെത്തുന്ന ഇയാൾ ലളിതയുമായി വഴക്കുണ്ടാക്കി പോയാൽ പിന്നീട് മാസങ്ങൾ കഴിഞ്ഞായിരിക്കും വീട്ടിൽ വരുക. ത്സ
ബാലന്‍റെ ക്രൂരമർദനം സഹിക്കാതെ വന്ന ലളിത നാല് മാസം മുമ്പ് ഇയാൾക്കെതിരെ അങ്കമാലി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ നാട് വിടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ഉച്ചക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.