
മംഗല്യക്കടവ്
മൂവാറ്റുപുഴ: ഏറെ പ്രക്ഷോഭങ്ങൾക്കൊടുവിൽ ഏഴുവർഷം മുമ്പ് ഫണ്ട് അനുവദിച്ച മംഗല്യക്കടവ് പാലത്തിന്റെ നിർമാണം ഇന്നും കടലാസിൽ.
പായിപ്ര പഞ്ചായത്തിലെ നാലാം വാർഡിനെ വിഭജിക്കുന്ന മുളവൂർ തോടിനു കുറുകെ മംഗല്യക്കടവിൽ പാലം നിർമിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ഒടുവിൽ 2018-19, 19-20, സാമ്പത്തിക വർഷങ്ങളിലായി 65 ലക്ഷം രൂപയാണ് പാലം നിർമാണത്തിന് അന്ന് എം.എൽ.എയായിരുന്ന എൽദോ എബ്രഹാം അനുവദിച്ചത്.
ആദ്യവർഷം 40 ലക്ഷം രൂപയും ഫണ്ട് തികയില്ലെന്ന പ്രചാരണത്തെതുടർന്ന് രണ്ടാംവർഷം 25 ലക്ഷം രൂപയുമാണ് ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ചത്. തെരഞ്ഞെടുപ്പ് വന്നതോടെ വിസ്മൃതിയിലായ പാലത്തിന്റെ തുടർനടപടികൾ പിന്നീട് രണ്ടുവർഷത്തിനു ശേഷമാണ് ആരംഭിച്ചത്. എന്നാൽ, രണ്ടുതവണയായി ഫണ്ട് അനുവദിച്ചതിനാലുണ്ടായ സാങ്കേതിക പ്രശ്നങ്ങൾമൂലം നടപടികൾ വീണ്ടും താമസിച്ചു. ഒടുവിൽ രണ്ടുമാസം മുമ്പ് നടപടിക്രമങ്ങളെല്ലാം പരിഹരിച്ച് ടെൻഡർ നടപടികളിലേക്ക് എത്തിച്ചെങ്കിലും പാലം ഇപ്പോഴും കടലാസിലാണ്.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധനയും മറ്റും പൂർത്തിയാക്കുകയും ഒരുഭാഗത്തെ അപ്രോച്ച് റോഡ് നിർമിക്കാൻ സ്ഥലം വാങ്ങാൻ ഫണ്ട് വകയിരുത്തുകയും ചെയ്തിരുന്നു. നൂറുകണക്കിനാളുകൾക്ക് ഉപകാരപ്രദമായ പാലം ഫണ്ട് അനുവദിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും യാഥാർഥ്യമാകാത്തതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
പുതുപ്പാടി-ഇരുമലപ്പടി റോഡിലെ അറേക്കാട് കാവുംപടിയിൽ നിന്നാരംഭിച്ച് നിരപ്പ് കണ്ണാടി സിറ്റിയിൽ എത്തുന്ന റോഡിലാണ് 18 മീ. നീളവും ആറുമീറ്റർ വീതിയുമുള്ള നിർദിഷ്ട പാലം നിർമിക്കുന്നത്. നാലാം വാർഡിനെ വിഭജിച്ച് ഒഴുകുന്ന മുളവൂർ തോട്ടിലെ ഇരുകരകളിലുമുള്ളവർ നിലവിൽ രണ്ടുകിലോമീറ്റർ ചുറ്റിസഞ്ചരിക്കേണ്ട അവസ്ഥയാണ്. നൂറുമീറ്റർ മാത്രം അകലെ അക്കരെയുള്ള മദ്റസയിൽ പോകാൻ വിദ്യാർഥികൾ രണ്ട് കിലോമീറ്റർ ചുറ്റിസഞ്ചരിക്കണം.
ഫണ്ടുണ്ടായിട്ടും പാലം വരാതായതോടെ വിദ്യാർഥികൾ അടക്കമുള്ളവരുടെ യാത്രാദുരിതം കണ്ടറിഞ്ഞ് കാൽനടക്കായി എസ്.ഡി.പി.ഐ കഴിഞ്ഞ വർഷം ഇവിടെ താൽക്കാലികമായി ഒരു ഇരുമ്പുപാലം നിർമിച്ചിട്ടുണ്ട്.
നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ടെന്നും ടെൻഡർ ഉടൻ ഉണ്ടാകുമെന്നും അപ്രോച്ച് റോഡിനടക്കം സ്ഥലം വാങ്ങാൻ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും പായിപ്ര പഞ്ചായത്ത് നാലാം വാർഡ് അംഗം ഇ.എം. ഷാജി പറഞ്ഞു. ഇതിനായി പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.