
കൊച്ചി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപന എന്നിവ പൂർണമായി തടയുന്നതിനുള്ള പരിശോധനകൾ കർശനമാക്കി തദ്ദേശസ്വയംഭരണ വകുപ്പ്. ഇതിന്റെ ഭാഗകമായി മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന് പ്രത്യേക എൻഫോഴ്സ്മെന്റ് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. കർശന മാർഗരേഖകളോടെയാണ് പ്രവർത്തനങ്ങൾ. ‘മാലിന്യമുക്തം നവകേരളം’ ജനകീയ കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള കർമ പരിപാടികൾ നടപ്പാക്കിവരികയാണ് സർക്കാർ. ഇതിന്റെ ഭാഗമായി ജില്ല തല എൻഫോഴ്സ്മെൻറ് സ്ക്വാഡുകൾ രൂപവത്കരിച്ച് ചുമതലകൾ നിശ്ചയിച്ച് നൽകിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപന തല വിജിലൻസ് സ്ക്വാഡുകൾ രൂപവത്കരിക്കുന്നുമുണ്ട്.
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പരിശോധന
ബീച്ചുകൾ, വാക്ക് വേകൾ, മലയോര മേഖലകൾ തുടങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മലിനീകരണ നിയന്ത്രണ ബോർഡ് നിരോധിച്ച ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതായാണ് അധികൃതരുടെ കണ്ടെത്തൽ. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സന്ദർശകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ജില്ല എൻഫോഴ്സ്മെന്റ് ടീമുകളെ ഉപയോഗിച്ച് പരിശോധന നടത്തും. നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടിയാകും ഉണ്ടാകുക.
എൻഫോഴ്സ്മെന്റ്, വിജിലൻസ് സ്ക്വാഡുകളുടെ�പ്രവർത്തനങ്ങളും�
നടപടികളും
- അസി. സെക്രട്ടറിമാർ, വി.ഇ.ഒമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിവരുമായി എൻഫോഴ്സ്മെന്റ് പ്രവർത്തനം ഊർജിതമാക്കും.
- ജില്ലതല എൻഫോഴ്സ്മെന്റ് സ്ക്വാഡുകളും തദ്ദേശ സ്വയംഭരണ സ്ഥാപന തല വിജിലൻസ് സ്ക്വാഡുകളും വീഴ്ചകൂടാതെ പ്രവർത്തനം നടത്തണം
- പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ കൺട്രോൾ റൂം എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ നിരീക്ഷിച്ച് വീഴ്ച കണ്ടെത്തിയാൽ നടപടിയെടുക്കും.
- പിഴ ചുമത്തിയിട്ടും പിരിച്ചെടുത്തില്ലെങ്കിൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കെതിരെ പ്രിൻസിപ്പൽ ഡയറക്ടർ നടപടിയെടുക്കും.
- വാട്ട്സപ്പ് നമ്പർ (9446 700 800) വഴി ലഭിക്കുന്ന പരാതികൾ കൃത്യമായി തീർപ്പാക്കണം.
- വാട്ട്സാപ് നമ്പർ വഴി നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പൗരന്മാർക്ക് പാരിതോഷികം നൽകുന്നതിന് കാലതാമസം ഒഴിവാക്കണം.
- നിർമാണ യൂനിറ്റുകൾ, സ്റ്റോക്കിസ്റ്റ് ഗോഡൗണുകൾ, കടകൾ എന്നിവിടങ്ങളിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തും.
- ടൂറിസം കേന്ദ്രങ്ങൾ, ഓഡിറ്റോറിയങ്ങൾ, പൊതുപരിപാടികൾ, ആഘോഷങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലും പ്രത്യേക സ്ക്വാഡിന്റെ പരിശോധനയുണ്ടാകും.
- നിരോധിച്ച ഫ്ലെക്സ് ബോർഡുകൾ ഉപയോഗിക്കുന്നത് റിപ്പോർട്ട് ചെയ്യുന്നതിന് വാട്സപ്പ് നമ്പറിൽ ക്രമീകരണം കൊണ്ടുവരും.
- നിരോധിത ഫ്ലക്സ് ബോർഡുകൾ കണ്ടെത്തി യഥാസമയം നീക്കം ചെയ്യും.
- നിയമനടപടി സംബന്ധിച്ച് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും പുരോഗതി ജില്ല ജോയിൻറ് ഡയറക്ടറുടെ നേതൃത്വത്തിൽ വിലയിരുത്തും.
- ജില്ല തല പ്രവർത്തനം പ്രിൻസിപ്പൽ ഡയറക്ടർ വിലയിരുത്തി, പ്രതിമാസം സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും.