
പള്ളുരുത്തിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച സ്ഥാപനത്തിൽ അഗ്നിരക്ഷാ സേന വെള്ളം പമ്പ് ചെയ്ത് ഗ്യാസ് നിർവീര്യമാക്കുന്നു
പളളുരുത്തി: ഗ്യാസ് സ്റ്റൗ സർവീസ് കടയിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. സ്ഥാപനമുടമ പള്ളുരുത്തി വി.പി. ശശി റോഡിൽ ആമിന മൻസിലിൽ ഗുലാബ്, ബന്ധുവും ജീവനക്കാരനുമായ സമദ് എന്നിവർക്കും സ്ഥാപനത്തിലെ മറ്റൊരു തൊഴിലാളിക്കുമാണ് പരിക്കേറ്റത്. ചൊവ്വാഴ്ച്ച രാവിലെ 10ന് പള്ളുരുത്തി വെളിയിലെ ഗ്യാസ് സ്റ്റൗ ഏജൻസീസ് എന്ന സ്ഥാപനത്തിലാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.
ഗുലാബിനെയും സമദിനെയും ആദ്യം പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് എറണാകുളം മെഡിക്കൽ സെന്ററിലേക്ക് മാറ്റി. മുപ്പത് ശതമാനം പൊള്ളലേറ്റതിനാൽ ഗുലാബ് തീവ്രപരിചരണ വിഭാഗത്തിലാണ്. കാര്യമായ പരിക്കില്ലാത്തതിനാൽ തൊഴിലാളിയെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
ഗ്യാസ് നിറക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചതാകാമെന്നാണ് നിഗമനം. അശ്രദ്ധമായി അപകട വസ്തുക്കൾ കൈകാര്യം ചെയ്തതിന് പള്ളുരുത്തി പൊലിസ് കേസെടുത്തു.
മട്ടാഞ്ചേരിയിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ മറ്റ് സിലിണ്ടറുകൾ സുരക്ഷിതമായി നീക്കം ചെയ്ത് അപകടസാധ്യത ഒഴിവാക്കി. ഭാഗ്യം കൊണ്ട് മാത്രമാണ് അപകടത്തിന്റെ തീവ്രത വർധിക്കാതിരുന്നതെന്ന് നാട്ടുകാർ പറയുന്നത്.