
ആവോലി കപ്പേളക്കവല
മൂവാറ്റുപുഴ: തിരക്കേറിയ മൂവാറ്റുപുഴ-പുനലൂർ സംസ്ഥാനപാതയിലെ ആവോലി കപ്പേള കവല അപകടമേഖലയായി. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ കവല അപകടമേഖലയായി മാറിയിട്ട് വർഷങ്ങളായി. 2006ൽ കെ.എസ്.ടി.പി നവീകരിച്ച മൂവാറ്റുപുഴ-തൊടുപുഴ റോഡിലെ അശാസ്ത്രീയ നിർമാണമാണ് മേഖലയെ കുരുതിക്കളമാക്കി മാറ്റിയിരിക്കുന്നത്.
ആവോലി-വള്ളിക്കട റോഡ് കപ്പേളക്കവലയിൽ മുറിച്ചുകടക്കുന്ന ഭാഗത്ത് അടുത്തയിടെ വരെ നിരവധി അപകടങ്ങളാണ് നടന്നത്. അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കപ്പേള കവലക്ക് സമീപം 50 മീറ്ററോളം ദൂരത്തിൽ കയറ്റവും തുടർന്ന് ഇറക്കവുമാണ് എന്നതാണ് അപകട പരമ്പര സൃഷ്ടിക്കുന്നത്. വാഴക്കുളം ഭാഗത്തു നിന്ന് അമിത വേഗതയിൽ എത്തുന്ന വാഹനങ്ങൾ 50 മീറ്ററിനുള്ളിൽ അടുത്തെത്തുമ്പോൾ മാത്രമേ കവലയിലെ റോഡു മുറിച്ചുകടക്കുന്നവർക്ക് കാണാൻ കഴിയൂ. ഇതാണ് അപകട സാധ്യത വർധിപ്പിക്കുന്നത്. ഈ ഭാഗത്ത് റോഡ് കുറച്ച് താഴ്ത്തി കയറ്റം കുറച്ചാൽ പ്രശ്നപരിഹാരമാകും. വെറുതേ നിലനിർത്തിയ ഉയരമുള്ള ഈ ഭാഗം താഴ്ത്തി സമനിരപ്പാക്കണമെന്ന് റോഡ് നിർമാണ വേളയിൽ തന്നെ പ്രദേശവാസികൾ ആവശ്യമുന്നയിച്ചിരുന്നെങ്കിലും അവഗണിക്കുകയായിരുന്നു. നാൽക്കവലയിൽ നാലുഭാഗത്തുനിന്നുമെത്തുന്ന വാഹനങ്ങളും കാൽനടക്കാരും തലനാരിഴക്കാണ് അപകടത്തിൽ നിന്നു രക്ഷപ്പെടുന്നത്.
ഇവിടെ ബസ് കാത്തു നിൽക്കുന്നവർ പോലും ഇത്തരം നിരവധി സാഹചര്യങ്ങളാണ് ദിവസേന അഭിമുഖീകരിക്കുന്നത്. മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ ആവോലി മേഖല അപകട കേന്ദ്രമാണ്. പുതുതലമുറ വാഹനങ്ങളുടെ അമിത വേഗത ഇവിടെ പലപ്പോഴും വില്ലനാകുന്നുമുണ്ട്. ഇനിയൊരു ദുരന്തത്തിന് കാത്തിരിക്കാതെ അധികൃതരുടെ സത്വര ഇടപെടലാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.�