
പുല്ലുവഴി ജയകേരളം സ്കൂളിന്റെ പിറകുവശത്ത് സ്വകാര്യ വഴി കൈയ്യേറി മണ്ണെടുക്കാനുള്ള
ശ്രമം നാട്ടുകാര്‍ തടയുന്നു
പെരുമ്പാവൂര്‍: പുല്ലുവഴി ജയകേരളം സ്കൂളിന്റെ പിറകുവശത്ത് സ്വകാര്യ വഴി കൈയ്യേറി രണ്ടര ഏക്കര്‍ വരുന്ന മലയിടിച്ച് മണ്ണെടുക്കാനുള്ള ശ്രമം നാട്ടുകാരും പൊതുപ്രവര്‍ത്തകരും വഴിയുടെ ഉടമസ്ഥനും ചേര്‍ന്ന് തടഞ്ഞു. ബൈപാസിനെന്ന പേരിലാണ് മണ്ണെടുപ്പ് ആരംഭിച്ചത്. രൂക്ഷമായ കുടിവെള്ള പ്രശ്നം അനുഭവപ്പെടുന്ന പ്രദേശമാണിത്. ജയകേരളം സ്കൂള്‍ മാനേജ്മെന്റും മണ്ണെടുപ്പിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.
മണ്ണെടുപ്പ് തുടങ്ങിയ അന്നുതന്നെ പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടു. സമീപ പുരയിടത്തില്‍ നിന്ന് 25 മീറ്റര്‍ പാലിക്കേണ്ട സ്ഥാനത്ത് ഒരു മീറ്റര്‍ അകലം പോലുമില്ലാതെയാണ് ആദ്യ ലോഡ് മണ്ണെടുത്തത്.
ഇത് സംബന്ധിച്ച പരാതി രായമംഗലം ഗ്രാമപഞ്ചായത്ത് കലക്ടര്‍ക്കും മൈനിങ് ആന്‍ഡ് ജിയോളജിക്കും നല്‍കിയിട്ടുണ്ട്. മണ്ണെടുക്കുന്ന പ്രദേശം മാര്‍ക്ക് ചെയ്താണ് മൈനിങ് ആന്‍ഡ് ജിയോളജി സാധാരണ അനുമതി നല്‍കാറ്. ഇവിടെ അതും ചെയ്തിട്ടില്ല. മണ്ണെടുക്കാന്‍ നല്കിയ പെര്‍മിറ്റില്‍ അവ്യക്തതയുമുണ്ട്.
അനുമതിയില്‍ ഒരു സ്ഥലത്തും ബൈപ്പാസിനുള്ള മണ്ണ് എന്ന് എഴുതിയിട്ടില്ല. പരിസ്ഥിതി അനുമതി കിട്ടിയിരിക്കുന്നത് കൂവപ്പടി പഞ്ചായത്തിലെ ഒരു സ്ഥാപനത്തിന് മണ്ണ് നൽകാൻവേണ്ടിയാണ്. ജനകീയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ അതിനെ മറി കടക്കാന്‍ മണ്ണ് ബൈപ്പാസിന് വേണ്ടിയാണെന്ന പ്രചാരണമാണ് മാഫിയ നടത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. അജയകുമാര്‍, സമരസമിതി ഭാരവാഹികളായ അഡ്വ. വി.ഒ. ജോയി, രഞ്ജിത്, പോള്‍സണ്‍, പൊതു പ്രവര്‍ത്തകരായ എന്‍. പ്രസാദ്, രാജപ്പന് എസ്. തെയ്യാരത്ത്, എന്‍.സി. തോമസ്, ഇ.വി. ജോര്‍ജ് എന്നിവര്‍ സ്ഥലത്തെത്തിയ പൊലീസ് അധികൃതരുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി.