ആലുവ: ആലുവയിൽ പട്ടാപ്പകൽ വീട് കുത്തി തുറന്ന് 40 ഓളം പവനും എട്ടര ലക്ഷം രൂപയും കവർന്ന സംഭവത്തിൽ വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് ആഭിചാര ക്രിയ നടത്തുന്ന കളമശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃശൂർ ചിറമനങ്ങാട് പടലക്കാട്ടിൽ ഉസ്താദ് എന്നു വിളിക്കുന്ന അൻവർ (36) അറസ്റ്റിലായി.
ജനുവരി ആറിന് ആലുവ കാസിനോ തിയറ്ററിനു പിറകിൽ ഇബ്രാഹിം കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. പകൽ ആരുമില്ലാതിരുന്ന സമയം വീടിന്റെ പൂട്ട് പൊളിച്ച് 40 പവനോളം സ്വർണവും എട്ടു ലക്ഷം രൂപയും മോഷണം പോയതായാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ശാസ്ത്രീയ അന്വേഷണത്തിൽ കവർച്ച നാടകമാണെന്ന് മനസിലായി. വീട്ടുകാരെ ചോദ്യം ചെയ്തത്തിൽ ആഭിചാര ക്രിയ ചെയ്യുന്ന ഉസ്താദിന്റെ നിർദേശനുസരണമാണ് ഇപ്രകാരം ചെയ്തതെന്നു വീട്ടമ്മ പോലീസിനോട് സമ്മതിച്ചു. ഭർത്താവിനും മക്കൾക്കും അപകട മരണം സംഭവിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് തവണകളായി പണവും സ്വർണവും കൈപ്പറ്റുകയായിരുന്നു.
ഇയാളുടെ നിർദേശ പ്രകാരമാണ് മുൻവശത്തെ ഡോറിന്റെ ലോക്ക് പൊളിച്ചതും വീട്ടിൽ കവർച്ച നടന്ന രീതിയിൽ ചിത്രീകരിച്ചതും. സ്വർണവും പണവും തട്ടിയെടുത്തതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. രണ്ട് വർഷം മുമ്പാണ് വീട്ടമ്മ ഇയാളെ പരിചയപ്പെട്ടത്. പിടിക്കപ്പെടുമെന്നായപ്പോഴാണ് അൻവറിൻ്റെ നിർദേശപ്രകാരം കവർച്ചാ നാടകം നടത്തിയത്.
വാതിൽ പുറമെ നിന്ന് പൊളിക്കാനും തുണി വലിച്ചു വാരി ഇടാനും ഇയാൾ നിർദ്ദേശിക്കുകയായിരുന്നു. അൻവറിനെക്കുറിച്ചും ഇയാളുടെ ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ മാരായ കെ. നന്ദകുമാർ, എസ്.ശ്രീലാൽ, എം.സി. ഹരീഷ്, അരുൺ ദേവ്, ചിത്തുജി, സിജോ ജോർജ്, എ.എസ്.ഐ വിനിൽകുമാർ, എസ്. സി.പി.ഒ നവാബ്, സി.പി.ഒ മാരായ പി.എ. നൗഫൽ, മുഹമ്മദ് അമീർ, മാഹിൻഷാ അബൂബക്കർ, കെ.എം. മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.�
+ There are no comments
Add yours