പെരുമ്പാവൂര്‍: മൂന്ന് അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ പിടിയിലായി. മൊബൈല്‍ മോഷ്ടിച്ച ബിഹാര്‍ സ്വദേശികളായ ലാല്‍ജി കുമാര്‍ (25), രാകേഷ് കുമാര്‍ (27), ആളൊഴിഞ്ഞ ഹോട്ടലില്‍ മോഷണം നടത്തിയ വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി അനാറുല്‍ ഷേഖ് (53) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വല്ലം കൊച്ചങ്ങാടിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത്.
ഇവര്‍ രണ്ടുദിവസം ഇവിടെ ജോലി ചെയ്തിരുന്നു. തൊഴിലാളികളുടെ മുറിയില്‍നിന്ന് ഫോണ്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 11.30ന് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സംശയാസ്പദ സാഹചര്യത്തില്‍ കാണപ്പെട്ട ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. മലമുറിയില്‍ പൂട്ടിക്കിടക്കുന്ന ഹോട്ടലില്‍ ആളനക്കം കേട്ട് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊലീസെത്തി പരിശോധിക്കുമ്പോള്‍ മോഷ്ടാവ് സാധന സാമഗ്രികള്‍ ചാക്കില്‍ നിറക്കുകയായിരുന്നു. മയക്കുമരുന്ന് വാങ്ങാനാണ് മോഷണം നടത്തുന്നതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. മയക്കുമരുന്ന് കേസില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ആളാണ് പ്രതി.
ഇന്‍സ്പെക്ടര്‍ ടി.എം. സൂഫിയുടെ നേതൃത്വത്തില്‍ പി.എം. റാസിഖ്, റിന്‍സ് എം. തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
+ There are no comments
Add yours