പെരുമ്പാവൂര്‍: സി.പി.എം സമ്മേളനങ്ങളില്‍ അര്‍ബന്‍ ബാങ്കിലെ നിക്ഷേപത്തട്ടിപ്പ് വിഷയം ചര്‍ച്ചയായില്ല. ഇതുവരെ നടന്ന ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ വിഷയം ഗൗരവകരമായി ചര്‍ച്ച ചെയ്യാതെ പോയതിൽ പ്രവര്‍ത്തക്കിടയിൽ മുറുമുറുപ്പുണ്ട്. യു.ഡി.എഫ് ഭരിക്കുന്ന ബാങ്കിൽ 100 കോടിക്ക് മുകളില്‍ വെട്ടിപ്പ് നടന്നതായി ആരോപിച്ച് നിക്ഷേപ സംരക്ഷണ സമിതി പ്രതിഷേധത്തിലാണ്. സി.പി.എമ്മും പേരിന് മാത്രം പ്രതിഷേധം സംഘടിപ്പിച്ചു.
ഇതോടെ ബാങ്ക് വിഷയം സി.പി.എം ഏറ്റെടുക്കുന്നുവെന്ന പ്രതീതിയുണ്ടായി. എന്നാല്‍, ചെറിയൊരു പ്രതിഷേധത്തില്‍ എല്ലാം അവസാനിപ്പിക്കുകയാണുണ്ടായത്. ഒരു പാര്‍ട്ടിയുടെയും പിന്തുണ ഇല്ലാതെയാണ് നിക്ഷേപ സംരക്ഷണ സമിതി പ്രതിഷേധവും നിയമ നടപടികളുമായി രംഗത്തുള്ളത്.
കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കില്‍ നടന്ന അഴിമതിക്കെതിരെ സി.പി.എം എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന ചോദ്യം ചില ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഉയര്‍ന്നു. എന്നാല്‍, നേതാക്കൾക്ക് വ്യക്തമായ ഉത്തരമുണ്ടായില്ല. വരാനിരിക്കുന്ന ഏരിയ സമ്മേളനത്തിലും ബാങ്ക് വിഷയം ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയില്ലെന്നാണ് പ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം.
സര്‍ക്കാറിന്റെ വിവിധ ഏജന്‍സികള്‍ അന്വേഷിക്കുന്ന വിഷയത്തില്‍ ഉചിതമായ നടപടികള്‍ ഉണ്ടാകുമെന്ന് മാത്രം നേതാക്കള്‍ ഉറപ്പു നല്കുന്നു. ബാങ്കിനെതിരെ തിരിയാന്‍ പ്രാദേശികമായ പല കാരണങ്ങള്‍ സി.പി.എമ്മിന് തടസ്സമാണ്. ഇക്കാലമത്രയും ഭരിച്ചത് യു.ഡി.എഫ് ആണെങ്കിലും സി.പി.എം നേതാക്കള്‍ക്കും ആശ്രയമായിരുന്നു ബാങ്ക്. പാര്‍ട്ടിയുടെ പ്രധാന നേതാവിന്റെ ഭാര്യ ബാങ്കിന്റെ ശാഖയില്‍ ജീവനക്കാരിയായിരുന്നു. ലോണ്‍ എടുത്തവരും കുടിശ്ശികയുള്ളവരും പാർട്ടിക്കാരുമുണ്ട്. മുന്‍ നഗരസഭ സ്ഥിരംസമിതി അധ്യക്ഷയുടെ പേരില്‍ പോലും ലോണ്‍ കുടിശ്ശികയുണ്ട്.
കോടികളുടെ വെട്ടിപ്പ് നടത്തിയ മുന്‍ പ്രസിഡന്റുമാരില്‍ ചിലരും സെക്രട്ടറിമാരും ഇതുവരെ പണം അടച്ചിട്ടില്ല. ഇവര്‍ക്കെതിരെയുള്ള കേസുകളില്‍ അറസ്റ്റും മറ്റ് നടപടികളും മരവിപ്പിച്ചത് സംസ്ഥാന സർക്കാറാണെന്ന നിക്ഷേപ സംരക്ഷണ സമിതിയുടെ ആരോപണത്തിന് ആര്‍ക്കും മറുപടിയില്ല.