പറവൂർ: ലോക ബാങ്കിന്റെ സഹായത്തോടെ നഗരസഭയിലെ ഡംപിങ് ഗ്രൗണ്ടിൽ ബയോ മൈനിങ് വൈകുന്നതിൽ നഗരവാസികളിൽ ആശങ്ക. കഴിഞ്ഞ വർഷം ഒക്ടോബറിലും പിന്നീട് ജനുവരിയിലും പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച ബയോ മൈനിങ് എപ്പോൾ പൂർത്തീകരിക്കാൻ ആകുമെന്നതിൽ നിശ്ചയമില്ല.
പത്താം വാർഡിലെ മൂന്ന് ഏക്കർ വരുന്ന ഡംപിങ് ഗ്രൗണ്ടിലാണ് ബയോ മൈനിങ് നടത്തേണ്ടത്. 150ഓളം ടൺ പ്ലാസ്റ്റിക്, ജൈവ മാലിന്യം ഇവിടെ കെട്ടിക്കിടക്കുന്നതായാണ് കണക്ക്. ശാസ്ത്രീയമായി ഇവ ബയോ മൈനിങ്ങിന് വിധേയമാക്കേണ്ടതുണ്ട്. മാലിന്യം സംസ്കരിച്ച് സ്ഥലം നിരപ്പാക്കിയെടുക്കുകയാണ് ലക്ഷ്യം.
ബ്രഹ്മപുരത്തിന് സമാനമായ സ്ഥിതി നഗരമധ്യത്തിൽ നിലനിൽക്കുന്നതാണ് പരിസരവാസികളുടെ പരിഭ്രാന്തിക്ക് കാരണം. ഒരിക്കൽ ഇവിടെ തീപിടിത്തം ഉണ്ടായതാണ്. ഇനി ഉണ്ടായാൽ തീയണക്കാൻ പ്രയാസമാണെന്ന് അഗ്നിരക്ഷാസേന നഗരസഭയെ അറിയിച്ചിട്ടുണ്ട്. സമീപത്ത് വെള്ളം കിട്ടാനില്ലാത്തത് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഡിസംബർ 15ന് സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ഉദ്യോഗസ്ഥർ ഡംപിങ് ഗ്രൗണ്ട് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.
ആർ.ആർ.എഫ് സംവിധാനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇനിയും സ്ഥാപിക്കേണ്ടതാണ്. ഇതിനിടെ ലോക ബാങ്ക് പ്രതിനിധികൾ സ്ഥലം സന്ദർശിച്ചിരുന്നു. മാസങ്ങളായി പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണെന്ന് സമീപവാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസം നഗരസഭ ചെയർപേഴ്സൻ ബീന ശശിധരൻ, വൈസ് ചെയർമാർ എം.ജെ. രാജു, സ്ഥിരം സമിതി അധ്യക്ഷൻ സജി നമ്പിയത്ത് എന്നിവർ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് ഡെപ്യൂട്ടി മാനേജർ ബീന എസ്. കുമാറിനെ സന്ദർശിച്ച് മാലിന്യ സംസ്കരണ സംവിധാനം ഫലപ്രദമായി പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്.