കൊച്ചി: കൊച്ചി അഴിമുഖത്തെ ഫോർട്ട്കൊച്ചി-വൈപ്പിൻ തീരങ്ങളെ ബന്ധിപ്പിച്ച് സർവിസ് നടത്തുന്നതിനിടെ തകരാറിലായ റോ റോ സർവിസുകളിലൊന്നായ സേതുസാഗർ രണ്ട് ഒരാഴ്ചക്കകം അറ്റകുറ്റപണി പൂർത്തിയാക്കാൻ നിർദേശം നൽകി കോർപറേഷൻ അധികൃതർ. കാര്യക്ഷമമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടി ചര്‍ച്ച ചെയ്യാൻ മേയർ എം. അനിൽകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കെ.എസ്.ഐ.എന്‍.സിക്കും ഷിപ്പ് യാര്‍ഡിനും നിർദേശം നൽകിയത്.
റോ റോ സര്‍വിന്റെ വരവ് ചെലവ് കണക്കുകള്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ പരിശോധനക്ക് വിധേയമാക്കുമെന്ന് മേയർ അറിയിച്ചു. മൂന്നാമത്തെ റോറോ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ തൊട്ടടുത്ത ദിവസം തന്നെ നഗരസഭയും കപ്പല്‍ശാലയും ചേര്‍ന്ന് ഒപ്പുവെക്കും. ഒരു വര്‍ഷത്തിനകം മൂന്നാമത്തെ റോ റോ നിര്‍മ്മിച്ച് നല്‍കുന്നതിന് കപ്പല്‍ശാലയോട് മേയര്‍ ആവശ്യപ്പെട്ടു. റോ റോയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കോർപറേഷനും കെ.എസ്.ഐ.എന്‍.സിയും ഷിപ്പ് യാര്‍ഡും തമ്മിലുള്ള ഏകോപനം വര്‍ദ്ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതിന് യോഗത്തില്‍ തീരുമാനമെടുത്തു.
കെ.എസ്.ഐ.എന്‍.സി എം.ഡി ആര്. ഗിരിജ, കൊച്ചിന് ഷിപ്പ് യാര്‍ഡ് റിപ്പയര്‍ വിഭാഗം തലവന്‍ സന്തോഷ് ഫിലിപ്പ്, കോര്പ്പറേഷന് സെക്രട്ടറി പി.എസ്. ഷിബു, കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു. സര്‍വിസ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി അടുത്ത ഒരു വര്‍ഷം പ്രതിമാസ യോഗങ്ങള്‍ ചേര്‍ന്ന് അവലോകനം ചെയ്യാനും തീരുമാനിച്ചു.
സേതുസാഗർ ഒന്ന് എന്ന വെസൽ മാത്രമാണ് ഇപ്പോൾ അഴിമുഖത്ത് സർവിസ് നടത്തുന്നത്. കുണ്ടന്നൂർ, അലക്സാണ്ടർ പറമ്പിത്തറ പാലങ്ങൾ അടച്ചതോടെ ആളുകൾ നഗരത്തിലെത്താൻ റോ റോ സർവിസിനെയാണ് ആശ്രയിക്കുന്നത്. ഇതിനിടെ ഒരു റോറോ തകരാറിലാവുക കൂടി ചെയ്തതോടെ യാത്രാ ദുരിതം പതിന്മടങ്ങായിരിക്കുകയാണ്.