കൊച്ചി: മക്കള്‍ ശാരീരികമായി ഉപദ്രവിക്കുന്നു, വീട്ടില്‍ തനിച്ചാക്കി മാറിനില്ക്കുന്നു, സ്വത്ത് തട്ടിയെടുക്കുന്നു, കൃത്യമായ ചികിത്സ നല്‍കാതിരിക്കുക തുടങ്ങിയ നിരവധി പരാതികളാണ് സാമൂഹികനീതി വകുപ്പിന്റെ ഹെൽപ് ലൈൻ നമ്പറുകളിലേക്കും മെയിന്റനസ് ട്രൈബ്യൂണലിലേക്കും എത്തുന്നത്. ജില്ലയിൽ ഓരാ വർഷവും അഞ്ഞൂറിനടുത്ത് കേസുകൾ ജില്ലയിലെ മെയിന്റനൻസ് ട്രൈബ്യൂണലിലേക്ക് മാത്രം എത്തുന്നുണ്ട്.
വയോജനങ്ങള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിക്കുന്നതായി കണക്കുകളിൽനിന്ന് ബോധ്യമാകും. കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതാണ് കേസുകൾ വർധിക്കാൻ കാരണമെന്നും കൃത്യമായ ഇടപെടിലൂടെ പ്രശ്നപരിഹാരം ഉണ്ടാകുന്നുണ്ടെന്നും സാമൂഹിക നീതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
സ്വത്ത് എഴുതി വാങ്ങി; സഹായം തേടി വിളികൾ
വയസ്സാകുമ്പോൾ മക്കൾ തങ്ങളെ നന്നായി നോക്കുമെന്ന് വിശ്വസിച്ച് സ്വത്ത് മക്കളുടെ പേരിൽ എഴുതി നൽകുന്ന മാതാപിതാക്കളുണ്ട്. എന്നാൽ, വയോധികരായ മാതാപിതാക്കളുടെ സ്വത്തും സമ്പാദ്യവും കിട്ടിയ ശേഷം അവരെ സംരക്ഷിക്കാത്ത മക്കളും കുറവല്ല. ഇത്തരം കേസുകൾ ജില്ലയിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
മക്കളോ ബന്ധുക്കളോ സഹായിക്കാൻ തയാറില്ലാതെ വരുമ്പോൾ ഇവരിൽനിന്ന് സംരക്ഷണച്ചെലവ് ലഭിക്കാൻ മാതാപിതാക്കളും മുതിർന്ന പൗരന്മാരും മെയിന്റനൻസ് ട്രൈബ്യൂണലിൽ അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനം നിലവിലുണ്ട്. ആർ.ഡി.ഒ അഥവാ റവന്യൂ ഡിവിഷനൽ ഓഫിസറാണ് മെയിന്റനൻസ് ട്രൈബ്യൂണലായി പ്രവർത്തിക്കുന്നത്. മാതാപിതാക്കൾക്കോ മുതിർന്ന പൗരനോ നേരിട്ട് പരാതി നൽകാം. എറണാകുളത്ത് ഫോർട്ട്കൊച്ചി, മൂവാറ്റുപുഴ എന്നിവിടങ്ങളിലാണ് ട്രൈബ്യൂണൽ പ്രവർത്തിക്കുന്നത്.
സംരക്ഷിച്ചുകൊള്ളാം എന്ന വ്യവസ്ഥയിൽ ഇഷ്ടദാനപ്രകാരവും മറ്റും സ്വത്ത് കൈവശപ്പെടുത്തിയശേഷം മുതിർന്ന പൗരന്മാരെ സംരക്ഷിക്കുന്നില്ലെങ്കിൽ ആ സ്വത്ത് കൈമാറ്റം റദ്ദുചെയ്യുന്നതിനും ആധാരം അസാധുവാക്കുന്നതിനും ട്രൈബ്യൂണലിന് അധികാരമുണ്ട്. ഇവരുടെ പരാതികൾക്ക് പൊലീസും ഗൗരവമായ പരിഗണന നൽകുന്നുണ്ട്.
മന്ദഹാസം മുതൽ വയോമധുരം വരെ; താങ്ങാകാൻ പദ്ധതികൾ
വയോജനങ്ങളോടുള്ള അതിക്രമങ്ങള്‍ കൂടിവരുമ്പോഴും ചേർത്ത് നിർത്താൻ ഒട്ടേറെ പദ്ധതികളും സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിലടക്കം നടപ്പാക്കുന്നുണ്ട്. ഈ ദിനത്തിൽ വയോജനങ്ങൾക്ക് പ്രയോജനം ലഭ്യമാക്കുന്ന ചില പദ്ധതികളെക്കുറിച്ച്:
ചിരി നിലനിർത്താൻ മന്ദഹാസം
ദാരിദ്ര്യരേഖക്ക് താഴെയുള്ള അർഹരായ വയോജനങ്ങൾക്ക് സൗജന്യമായി കൃത്രിമ ദന്തനിര നൽകുന്ന പദ്ധതി. പല്ലുകൾ പൂർണമായും നഷ്ടപ്പെട്ടവരും ഭാഗികമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗയോഗ്യമല്ലാത്ത അവസ്ഥയിലുള്ളവർക്കും അപേക്ഷിക്കാം. സാമൂഹിക നീതി വകുപ്പിന്റെ സുനീതിയിൽ അപേക്ഷ സമർപ്പിക്കാം. ദന്തഡോക്ടറുടെ സർട്ടിഫിക്കറ്റിന്റെ മാതൃക സാമൂഹികനീതി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ഈ വർഷം 21 പേർ പദ്ധതിയുടെ പ്രയോജനം നേടി.
കളിചിരികൾ വീണ്ടെടുക്കാൻ സ്വയംപ്രഭ ഹോം പദ്ധതി
മുതിർന്ന പൗരന്മാർക്കായുള്ള പഞ്ചായത്തുതല സേവനകേന്ദ്രമാണ് സ്വയംപ്രഭ. 60 വയസ്സ് കഴിഞ്ഞവർക്ക് പകൽ ഒത്തുകൂടുന്നതിന് സൗകര്യം ഉപയോഗിക്കാം. മാനസിക-ശാരീരിക ഉല്ലാസത്തിന് ഉതകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ഒറ്റപ്പെടൽ ഒഴിവാക്കാം. തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന പകൽവീടുകൾക്ക് സ്വയംപ്രഭ പദ്ധതിയിൽ ഉൾപ്പെടുത്തി സാമൂഹികനീതി വകുപ്പ് സേവനങ്ങൾ നൽകി വരുന്നു. ജില്ലയിൽ ഏലൂർ, കുന്നുകര, പാമ്പാക്കുട, പറവൂർ, രാമമംഗലം എന്നിവിടങ്ങളിലാണ് സ്വയംപ്രഭ ഹോം ഉള്ളത്.
വയോമധുരം പദ്ധതി
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ബി.പി.എൽ വിഭാഗത്തിൽപെട്ട പ്രമേഹബാധിതരായ വയോജനങ്ങൾക്ക് ഗ്ലൂക്കോമീറ്റർ, ടെസ്റ്റ് സ്ട്രിപ് എന്നിവ സൗജന്യമായി നൽകുന്ന പദ്ധതി. പ്രമേഹ രോഗിയാണെന്ന് സർക്കാർ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ രേഖ നിർബന്ധം. സാമൂഹിക നീതി വകുപ്പിന്റെ സുനീതി പോർട്ടലിൽ (suneethi.sjd.kerala.gov.in) അപേക്ഷ സമർപ്പിക്കാം.
വയോരക്ഷ പദ്ധതി
മറ്റാരും സംരക്ഷിക്കാൻ ഇല്ലാത്ത സാമൂഹിക, സാമ്പത്തിക ശാരീരികമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന മുതിർന്ന പൗരന്മാർക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാക്കുന്നതിനുള്ള പദ്ധതി. ഉപേക്ഷിക്കപ്പെട്ടതോ, സംരക്ഷിക്കാൻ ബന്ധുക്കൾ ഇല്ലാത്തവരോ ആയ വയോജനങ്ങൾക്ക് അടിയന്തര പ്രാഥമിക ശുശ്രൂഷ നൽകൽ, അടിയന്തര ശസ്ത്രക്രിയ, ആംബുലൻസ്, പുനരധിവാസം, സഹായ ഉപകരണങ്ങൾ എന്നീ സേവനങ്ങൾ പദ്ധതി പ്രകാരം ലഭ്യമാകും.
വയോമിത്രം പദ്ധതി
സാമൂഹിക സുരക്ഷാ മിഷൻവഴി മെഡിക്കൽ പരിശേധനയും ജീവിതശൈലീരോഗങ്ങൾക്കുള്ള മരുന്നുകളും നൽകുന്ന വയോമിത്രം പദ്ധതി നടപ്പാക്കുന്നു. പ്രായമുള്ളവർക്കായി മൊബൈൽ ക്ലിനിക്ക് സേവനം, പാലിയേറ്റിവ് കെയർ സപ്പോർട്ട്, വയോജന ഹെൽപ് ഡെസ്ക് തുടങ്ങിയവ ഈ സംവിധാനം വഴി നടപ്പാക്കുന്നു. നിലവിൽ മുനിസിപ്പൽ പ്രദേശങ്ങളാലാണ് വയോമിത്രം പദ്ധതി നടപ്പാക്കുന്നത്.