കൊച്ചി: വല്ലാർപാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ആംബുലൻസിനും കണ്ടെയ്നർ ലോറിക്കും പിന്നിലിടിച്ചു. ബസ് യാത്രക്കാരുൾപ്പെടെ 20ലേറെ പേർക്ക് പരിക്കേറ്റു. വല്ലാർപാടം ഡി.പി. വേൾഡ് കമ്പനിയുടെ രണ്ടാം ഗേറ്റിനു സമീപം തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം. എറണാകുളത്തുനിന്ന് ചാപ്പ കടപ്പുറം വഴി ഞാറക്കലിലേക്ക് പോകുന്ന ചീനിക്കാസ് എന്ന ബസ് രണ്ടാം ഗോശ്രീ പാലം കഴിഞ്ഞ് മുന്നോട്ട് പോകവെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ മുന്നിലുണ്ടായിരുന്ന ആംബുലൻസിലും കണ്ടെയ്നറിലും ഇടിച്ചു. റോഡിലെ കുഴികൾ മൂലമാണ് ബസിന് നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് സൂചന. ആംബുലൻസിലുണ്ടായിരുന്ന രോഗിക്കും നിസ്സാര പരിക്കുണ്ട്. പരിക്കേറ്റ യാത്രക്കാരായ അനൂപ്, രതീഷ്, ഗ്രീഷ്മ, ജീവ, ബിന്ദു, ലിസി, രജിത, നിഷ, മേരി, രഹന, റംല, ജിബിൻ എന്നിവർ എറണാകുളം ജനറൽ ആശുപത്രിയിലും നൗഫിയ, ജൈഷ, വിബിഷ, മിഥുൻ, കാർത്തിക, ബിന്ദു, ജോമോൾ, ഹർഷിത എന്നിവർ പച്ചാളം ലൂർദ് എന്നിവർ ആശുപത്രിയിലും ചികിത്സ തേടി.
അപകടത്തെ തുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായി. കൺട്രോൾ റൂം, മുളവുകാട് പൊലീസ് ടീമുകളും ഗാന്ധിനഗർ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.