മട്ടാഞ്ചേരി: കോമ്പാറമുക്ക് ബിഗ് ബെൻ ഹൗസ് കെട്ടിടത്തിലെ താമസക്കാരുടെദുരിത ജീവിതത്തിന് പരിഹാരം. ആറ് കുടുംബങ്ങൾക്കുള്ള താക്കോൽ ബുധനാഴ്ച കൈമാറും.
വൈകീട്ട് നാലരക്ക് എ.ഡി.ജി.പി പി. വിജയനാണ് കുടുംബങ്ങൾക്ക് താക്കോൽ കൈമാറുന്നത്. ഏറെ പൗരാണികമായ ബിഗ് ബെൻ ഹൗസ് കെട്ടിടം അപകടാവസ്ഥയിലായതോടെ ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങൾ മട്ടാഞ്ചേരി കമ്യൂണിറ്റി ഹാളിലാണ് കഴിഞ്ഞ മൂന്ന് വർഷമായി കഴിഞ്ഞ് വരുന്നത്. ഇവിടെ ദുരിത പൂർണമായ അവസ്ഥയിലാണ് ഇവർ ദിവസങ്ങൾ കഴിച്ചുകൂട്ടിയിരുന്നത്.
ബിഗ്ബെൻ ഹൗസ് കെട്ടിടത്തിന്റെ ദുരവസ്ഥ കണക്കിലെടുത്ത് കൊച്ചി നഗരസഭയാണ് ഇവരെ കമ്യൂണിറ്റി ഹാളിലേക്ക് മാറ്റിയത്. കെട്ടിടം നവീകരിച്ച് മാറ്റി താമസിപ്പിക്കുമെന്ന ഉറപ്പാണ് കുടുംബങ്ങൾക്ക് അന്ന് നൽകിയതെങ്കിലും പിന്നെ തിരിഞ്ഞു നോക്കാത്ത അവസ്ഥയായി.
ഒടുവിൽ ഇവരുടെ ദുരവസ്ഥ മനസ്സിലാക്കിയ കൊച്ചിയിലെ വ്യവസായി കൂടിയായ എ.എം. നൗഷാദാണ് നവീകരണം ഏറ്റെടുത്ത് 25 ലക്ഷം രൂപ മുടക്കി നിർമാണം പൂർത്തീകരിച്ചത്.
കഴിഞ്ഞ ഡിസംബറിലാണ് നവീകരണ ജോലികൾ തുടങ്ങിയത്. എട്ടുമാസത്തിനകം ജോലികൾ പൂർത്തീകരിച്ചു. ആറ് കുടുംബങ്ങൾക്കും കിടപ്പുമുറി, ഹാൾ, അടുക്കള, ശുചിമുറി ഉൾപ്പെടെ സൗകര്യം ഒരുക്കിയാണ് കെട്ടിടം നവീകരിച്ചിട്ടുള്ളത്. താക്കോൽ ദാന ചടങ്ങിൽ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും. കൗൺസിലർ കെ.എ. മനാഫ് അധ്യക്ഷത വഹിക്കും.