കോതമംഗലം: കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ റോഡ് നിർമാണത്തിനായി തീർത്ത കാനയിൽ ജീപ്പ് തലകീഴായി മറിഞ്ഞു. നേര്യമംഗലം തലക്കോട് പുത്തൻകുരിശിന് സമീപം ദേശീയപാത നിർമാണത്തിനായി കുഴിച്ച കാനയിലാണ് അപകടം.
തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടം. അടിമാലി സ്വദേശിയുടെ ബൊലോറോ ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അടിമാലിയിലേക്ക് പോകുകയായിരുന്ന ജീപ്പിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. നേര്യമംഗലത്ത് നിന്ന് വന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടന്ന് ജീപ്പിന് മുന്നിലെത്തിയപ്പോൾ അപകടമൊഴിവാക്കാൻ ഡ്രൈവർ ബ്രേക്കിട്ടതോടെ വട്ടം തിരിഞ്ഞ് കാനയിൽ പതിക്കുകയായിരുന്നു.
ജീപ്പിനുള്ളിൽ അകപ്പെട്ട ഡ്രൈവറെ തൊട്ടുപുറകെ വന്ന കെ.എസ് ആർ.ടി.സി ബസ്സിലെ ഡ്രൈവർ അനസ് മുഹമ്മദ് ബസ് നിർത്തി കാനയിൽ എടുത്തുചാടി നാട്ടുകാരുടെ സഹായത്തോടെ പുറത്തെത്തിക്കുകയായിരുന്നു. ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.